Wednesday, December 29, 2021

നമ്മുടെ മണികുട്ടിക്കായ് .....


ഒരു വിയോഗത്തിനു അന്ത്യം എന്നോണം ഒരു വര്ഷം മുന്നേ അപ്പൂപ്പന്റെ സഞ്ചയന ദിവസം ആണു അവൾ വീട്ടിലേക്കു വന്നതു ... വെളുത്തു മെലിഞ്ഞു നല്ല കറുത്ത കണ്ണുകളോടെ ഒരു മാസം  മാത്രം പ്രായമായ അവൾ ..,,, അവിടെ കൂടി നിന്നിരുന്ന എല്ലാവര്ക്കും ഒരു കൗതുകവും നമ്മുടെ വീടിന്റെ  ഒരു അഭിവാജ്യ ഘടകവും ആവുകയായിരുന്നു  ... എല്ലാരുടെയും ഉള്ളിൽ ചേക്കേറുകയായിരുന്നു ...  അവളുടെ ഒച്ചയില്ലാത്ത കാൽവയ്പുകൾ ഓരോരുത്തരുടെയും മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു .....


 ഒരു മണി ഒക്കെ കഴുത്തിൽ കെട്ടി , മണിക്കുട്ടി എന്ന പേരിട്ടു അവൾ നമ്മളിൽ ഒരാളായി ജീവിച്ചു പോന്നു ... നാട്ടുകാർ പോലും അവളെ നമ്മുടെ വീട്ടിലെ അഞ്ചാമത്തെ അംഗമായിട്ടാണ് കണ്ടിരുന്നത് ... 


പൂമ്പാറ്റകളും കിളികളും അവളുടെ കാളികൂട്ടുകാരായിമാറുമ്പോ , പരിചയം ഇല്ലാത്ത മനുഷ്യരും ചാവാലി പട്ടികളും അവളുടെ പേടിസ്വപ്നം ആയിരുന്നു ... പലപ്പോഴും പേടിയോടെ വീടിനുള്ളിലേക്കവൾ പാഞ്ഞടുമ്പോൾ , തന്റെ കുഞ്ഞിനെ നെഞ്ചോടടക്കി സംരക്ഷിക്കുന്ന ഒരു അമ്മയുടെ നിർവൃതി  വീടിന്റെ അകത്തളവും അനുഭവിക്കുന്നതായി എനിക്കു തോന്നി ... 


നമ്മളെല്ലാവരും  സുഖവും ദുഖവും അവളോടു പങ്കിട്ടിരുന്നു ... അവളും ഒരു മനുഷ്യനെ പോലെ കേട്ടിരിക്കുകയും പലതിനും ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു .....  


നിനച്ചിരിക്കാതെ ഒരു ദിവസം അവളെ വളരെയധികം വിഷണ്ണതയോടെ കാണാനിടെയായി .. വളരെ താമസിക്കാതെ   അവൾ ഒന്നും കഴിക്കാതെ ആയി ... നടക്കാൻ പോലും നന്നേ ബുദ്ധിമുട്ടു ... ഡോക്ടർമാർ  എന്തൊക്കെയോ നോക്കി .... ഫലം ഉണ്ടായില്ല ..


 എണ്ണിയാൽ ഒടുങ്ങാത്ത അപ്പീലുകൾ ആണു ദൈവത്തിന്റെ മുന്നിൽ എത്തിയതു .... അവളുടെ ജീവൻ പതിയെ നിലക്കുന്നതു കണ്ടുനിൽക്കാൻ മാത്രേ കഴിഞ്ഞുള്ളു ... മുൻ കാലുകൾ ഉള്ളിലേക്കു മടക്കി മൂക്കു നിലത്തു മുട്ടുമാറ് തലയുയർത്തിഒന്നു നോക്കാൻ പറ്റാതെയുള്ള അവളുടെ ആ രൂപം മനസ്സിൽ നിന്നു മായുന്നില്ല ...  അവൾ പോയി ... മരണം എന്നതു വാക്കുകളാൽ ഒതുങ്ങുന്നതല്ലന്നും അതു ആരായാലും ജീവിച്ചിരിക്കുന്നവരെ അതു എത്രമാത്രം തളർത്തും എന്നും നിർവചിക്കാനാവില്ല ... അവളുടെ ജീവനു വിലയായി കൊടുക്കേണ്ടി വന്നതു കുറച്ചു നാളത്തേക്കു വേണ്ടി ആണെങ്കിലും വീട്ടിലെ അതിരറ്റ സന്തോഷം ആയിരുന്നു ... മരണത്തിനു വലിയവനെന്നോ ചെറിയവനെന്നോ ഇല്ല .. അതുണ്ടാക്കുന്ന വിടവ് അത്ര എളുപ്പം മാറ്റാനോ മറയ്ക്കാനോ പറ്റുന്നതും അല്ല ..


 സ്വപ്നത്തിലെങ്കിലും അവൾ വന്നീ  കാലിലൊന്നുരസിയെങ്കിൽ   എന്ന പ്രതീക്ഷയോടെ  .. 



Tuesday, October 12, 2021

ഒരു വഴിത്തിരിവ് ...

 വഴിതിരഞ്ഞന്നു  ഞാൻ ഉഴലുന്ന നേരത്തു ..

വഴി തിരിഞ്ഞിന്നേഴു വർഷം ...


ഒരു പിടി ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചു ..

ഒരു പടി ഇന്നു ഞാൻ താണ്ടി ...


മറുപടി പറയുന്ന വാക്കുകളിൽ ഒന്നിൽ ഞാൻ 

മൃദു  മന്ദഹാസങ്ങൾ തൂകി ..


ഓർക്കുവാൻ ഒത്തിരി നല്ല സ്വപ്നങ്ങളും ..

പാർക്കുവാൻ ഒരു കിളി കൂടും ...


മായ്ക്കുവാൻ പറ്റാത്ത നിന്റെ തെല്ലോർമ്മകൾ ..

മായാതെ കാക്കാം ഞാൻ എന്നും ..


ഒരു കടം പേറി ഞാൻ പോകുന്നു ഇന്നു - നിൻ .

മൃദുലമാം സൗഹൃദം മാത്രം ...


Thursday, September 16, 2021

ഒരു ചിന്ത

നല്ലൊരോർമയിൽ  തെല്ലു നടക്കുമ്പോൾ 

വന്നടുക്കുന്നു വല്ലാത്ത  ചിന്തകൾ ..


ഇഷ്ട സ്വപ്നത്തിൻ മീതെ ഉഴലുമ്പോൾ ..  

മോഹഭംഗങ്ങൾ വന്നടുത്തീടുമ്പോൾ 


കൂട്ടിവയ്ക്കാൻ  ഒരിറ്റു നല്ലോർമ്മകൾ ...

നീക്കി വയ്ക്കാം ചെറു ഹീനമാം ചിന്തകൾ  ..    


കാറ്റുവന്നെന്റെ  കാലടി മായ്ക്കുമ്പോൾ ...

കാട്ടിലെ കിളി കൂകിയകലുമ്പോൾ ...


ഓർത്തിരിക്കാതെ  കണ്ണുകൾ ചിമ്മുമ്പോൾ ..

കോർത്ത കൈയ്യുകൾ വിട്ടകന്നീടുമ്പോൾ ..

.

കാത്തിരിക്കുന്നു കണ്ണുനീർ വീഴാതെ ..

നോറ്റിരിക്കുന്നു  നല്ല നിറങ്ങളെ .....

Wednesday, September 8, 2021

ആൽമരമേ നീയാണ് സാക്ഷി


വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു കഥാ മത്സരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ  കിട്ടിയ വിഷയം.... "ആൽമരമേ നീയാണ് സാക്ഷി"    എന്നതാരുന്നു ....

അന്നു ഞാൻ വളരെ വേഗം എഴുതി തുടങ്ങി.. എന്റെ നിസ്വാർത്ഥമായ പ്രണയത്തെപ്പറ്റി  ...  ആ ആൽമര ചുവട്ടിൽ ചിലവിട്ട സുന്ദര നിമിഷങ്ങളെ പറ്റി ... ഒരു പെരുമഴക്കാലം കഴിഞ്ഞു നനുത്ത സുഗന്ധത്തോടെ നിൽക്കുന്ന  ആ വട വൃഷം ഏറ്റുവാങ്ങിയ  കണ്ണുനീരിനെ പറ്റി ... അവസാനം അതു ഒരു പ്രണയ നൈരാശ്യത്തിൽ കലാശിച്ചപ്പോ ,,, എനിക്ക് സമ്മാനം ഒന്നും കിട്ടിയില്ല .... 


പക്ഷെ അന്നു മുതൽ പ്രണയമല്ലാതെ, ആൽമരത്തെ  സാക്ഷിയാക്കി  ഒരു കഥ എഴുതണം എന്നു എനിക്കു തോന്നി ...
അങ്ങനെ  എന്റെ നാട്ടിലുള്ള പണ്ടു എല്ലാവരും ഉണ്ടായിരുന്ന ഇപ്പൊ ആരും ഇല്ലാത്ത  വയസ്സൻ ആൽമര ചുവട്ടിൽ ഇരുന്നു പലതും എഴുതി നോക്കി .. എല്ലാം പരാജയത്തിൽ കലാശിക്കുകയും ചെയ്തു .....




ചില കാർമേഘങ്ങൾ മൂടി മനസ്സിനൊരു മങ്ങൽ അനുഭവപ്പെട്ടപ്പോൾ ഞാൻ കുളിച്ചു ക്ഷേത്രത്തിൽ പോയി ...  പോയിവരും വഴി എന്തോ ഓർമകളുമായി ആലിന്റെ ചുവട്ടിൽ ഇരുന്നു ...

  ഓർമകളിലെ പരസ്യ ചിത്രം  പോലെ ഒരു കുറുമ്പി  നോട്ടുബുക്ക് നീട്ടി എന്നോട് ചോദിക്കാ ഇതു വേഗം എഴുതി തരാമോ എന്നു .....

വെളുത്ത നിറം .... മുടിയിഴ തുമ്പിൽ താഴെ വീഴാതെ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ള തുള്ളികൾ .. കാതിലെ തുളയിൽ ഒരു ഈർക്കിൽ കമ്പു ...ആ ചുമന്ന വളയിട്ട കുഞ്ഞു കൈ അടച്ചാൽ ഒട്ടും പുറത്തു കാണാത്ത പെൻസിൽ തുണ്ടു ..ഒരു നല്ല നോട്ടുബുക്ക് ...

അവൾ വീണ്ടും എന്നോടു എഴുതാൻ ആവശ്യപ്പെട്ടു ...  വീട് എവിടെ ..ഒറ്റക്കു എവിടെ പോകുന്നു എന്നൊക്കെ ഉള്ള  ചോദ്യത്തിനു, രാത്രി ആയ വെട്ടം ഇല്ല എഴുതാൻ പറ്റില്ല എന്നു മാത്രമാണു പറയുന്നതു..

  മനസിലെ ചോദ്യങ്ങൾ എന്നെ ഏഴു മണിവരെ അവിടെ പിടിച്ചിരുത്തി ..കൂടെ അവളും ..

കുറച്ചു കൂടി കഴിഞ്ഞപ്പോ കുളിച്ചു ഈറനോടെ ഉള്ള വസ്ത്രങ്ങളുമായി ഒരു സ്ത്രീ വന്നു ..അമ്മേ എന്ന് വിളിച്ചു ആ കുഞ്ഞു കൈകൾ കൊണ്ടു അവരെ വട്ടം പിടിക്കുമ്പോൾ വെള്ളം അരിച്ചിറങ്ങുകയാണ്  ... ഒരു പുഞ്ചിരിയുമായി അവർ എന്റെ അടുത്തിരിക്കുമ്പോ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം ഞാൻ വായിച്ചെടുക്കയായിരുന്നു ....

അവരെ  എത്രയോ തവണ കണ്ടിരിക്കുന്നു ..പക്ഷെ ഇങ്ങനെ ഒരു മകളെ   കണ്ടിട്ടേ ഇല്ല ..

വർഷങ്ങളായി അവർ  ഈ ആലിന്റെ ചുവട്ടിലാണത്രെ ... എന്തൊക്കൊയോ ചെറിയ പണികൾ ചെയ്തു ആരേലും കൊടുക്കുന്നതും വാങ്ങി ഇങ്ങനെ കഴിയുകയാ ... കിട്ടിയാൽ കഴിക്കും ..ഇല്ലേൽ പട്ടിണി ..
അവൾ  അടുത്തു ഒരു സ്കൂളിൽ പോകുന്നു... അതും ആരുടെയോ ഔദാര്യം ...


എന്റെ മനസ് വല്ലാതെ പിടച്ചു .... അത്യാഗ്രഹത്തിന്റെ ഭാണ്ഡം നമ്മൾ ഓരോരുത്തരും അഴിച്ചു വക്കണം എന്ന് എനിക്ക് തോന്നി ...മരവിച്ച മനസോടെ ഞാൻ വീട്ടിലേക്കു പോയി ..

പിറ്റേ ആഴ്ച   കുറച്ചു സാധങ്ങളും ആയി എത്തിയപ്പോൾ അവിടെ ആരെയും കണ്ടിരുന്നില്ല ...
ചോദിച്ചവരൊക്കെ തന്ന അറിയില്ല എന്ന മറുപടിയിൽ എനിക്കു  തൃപ്തി അടയേണ്ടി വന്നു ...

എന്തു ചെയ്യണം എന്ന് എനിക്കു അറിയില്ലായിരുന്നു  ... എന്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ കവിൾത്തടങ്ങളിൽ  വീണു പൊള്ളി ....അന്നു ആ ആൽമരം  പറഞ്ഞ പോലെ ആരും എന്നോട് കഥ പറഞ്ഞിട്ടില്ല ..