Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Wednesday, September 8, 2021

ആൽമരമേ നീയാണ് സാക്ഷി


വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു കഥാ മത്സരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ  കിട്ടിയ വിഷയം.... "ആൽമരമേ നീയാണ് സാക്ഷി"    എന്നതാരുന്നു ....

അന്നു ഞാൻ വളരെ വേഗം എഴുതി തുടങ്ങി.. എന്റെ നിസ്വാർത്ഥമായ പ്രണയത്തെപ്പറ്റി  ...  ആ ആൽമര ചുവട്ടിൽ ചിലവിട്ട സുന്ദര നിമിഷങ്ങളെ പറ്റി ... ഒരു പെരുമഴക്കാലം കഴിഞ്ഞു നനുത്ത സുഗന്ധത്തോടെ നിൽക്കുന്ന  ആ വട വൃഷം ഏറ്റുവാങ്ങിയ  കണ്ണുനീരിനെ പറ്റി ... അവസാനം അതു ഒരു പ്രണയ നൈരാശ്യത്തിൽ കലാശിച്ചപ്പോ ,,, എനിക്ക് സമ്മാനം ഒന്നും കിട്ടിയില്ല .... 


പക്ഷെ അന്നു മുതൽ പ്രണയമല്ലാതെ, ആൽമരത്തെ  സാക്ഷിയാക്കി  ഒരു കഥ എഴുതണം എന്നു എനിക്കു തോന്നി ...
അങ്ങനെ  എന്റെ നാട്ടിലുള്ള പണ്ടു എല്ലാവരും ഉണ്ടായിരുന്ന ഇപ്പൊ ആരും ഇല്ലാത്ത  വയസ്സൻ ആൽമര ചുവട്ടിൽ ഇരുന്നു പലതും എഴുതി നോക്കി .. എല്ലാം പരാജയത്തിൽ കലാശിക്കുകയും ചെയ്തു .....




ചില കാർമേഘങ്ങൾ മൂടി മനസ്സിനൊരു മങ്ങൽ അനുഭവപ്പെട്ടപ്പോൾ ഞാൻ കുളിച്ചു ക്ഷേത്രത്തിൽ പോയി ...  പോയിവരും വഴി എന്തോ ഓർമകളുമായി ആലിന്റെ ചുവട്ടിൽ ഇരുന്നു ...

  ഓർമകളിലെ പരസ്യ ചിത്രം  പോലെ ഒരു കുറുമ്പി  നോട്ടുബുക്ക് നീട്ടി എന്നോട് ചോദിക്കാ ഇതു വേഗം എഴുതി തരാമോ എന്നു .....

വെളുത്ത നിറം .... മുടിയിഴ തുമ്പിൽ താഴെ വീഴാതെ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ള തുള്ളികൾ .. കാതിലെ തുളയിൽ ഒരു ഈർക്കിൽ കമ്പു ...ആ ചുമന്ന വളയിട്ട കുഞ്ഞു കൈ അടച്ചാൽ ഒട്ടും പുറത്തു കാണാത്ത പെൻസിൽ തുണ്ടു ..ഒരു നല്ല നോട്ടുബുക്ക് ...

അവൾ വീണ്ടും എന്നോടു എഴുതാൻ ആവശ്യപ്പെട്ടു ...  വീട് എവിടെ ..ഒറ്റക്കു എവിടെ പോകുന്നു എന്നൊക്കെ ഉള്ള  ചോദ്യത്തിനു, രാത്രി ആയ വെട്ടം ഇല്ല എഴുതാൻ പറ്റില്ല എന്നു മാത്രമാണു പറയുന്നതു..

  മനസിലെ ചോദ്യങ്ങൾ എന്നെ ഏഴു മണിവരെ അവിടെ പിടിച്ചിരുത്തി ..കൂടെ അവളും ..

കുറച്ചു കൂടി കഴിഞ്ഞപ്പോ കുളിച്ചു ഈറനോടെ ഉള്ള വസ്ത്രങ്ങളുമായി ഒരു സ്ത്രീ വന്നു ..അമ്മേ എന്ന് വിളിച്ചു ആ കുഞ്ഞു കൈകൾ കൊണ്ടു അവരെ വട്ടം പിടിക്കുമ്പോൾ വെള്ളം അരിച്ചിറങ്ങുകയാണ്  ... ഒരു പുഞ്ചിരിയുമായി അവർ എന്റെ അടുത്തിരിക്കുമ്പോ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം ഞാൻ വായിച്ചെടുക്കയായിരുന്നു ....

അവരെ  എത്രയോ തവണ കണ്ടിരിക്കുന്നു ..പക്ഷെ ഇങ്ങനെ ഒരു മകളെ   കണ്ടിട്ടേ ഇല്ല ..

വർഷങ്ങളായി അവർ  ഈ ആലിന്റെ ചുവട്ടിലാണത്രെ ... എന്തൊക്കൊയോ ചെറിയ പണികൾ ചെയ്തു ആരേലും കൊടുക്കുന്നതും വാങ്ങി ഇങ്ങനെ കഴിയുകയാ ... കിട്ടിയാൽ കഴിക്കും ..ഇല്ലേൽ പട്ടിണി ..
അവൾ  അടുത്തു ഒരു സ്കൂളിൽ പോകുന്നു... അതും ആരുടെയോ ഔദാര്യം ...


എന്റെ മനസ് വല്ലാതെ പിടച്ചു .... അത്യാഗ്രഹത്തിന്റെ ഭാണ്ഡം നമ്മൾ ഓരോരുത്തരും അഴിച്ചു വക്കണം എന്ന് എനിക്ക് തോന്നി ...മരവിച്ച മനസോടെ ഞാൻ വീട്ടിലേക്കു പോയി ..

പിറ്റേ ആഴ്ച   കുറച്ചു സാധങ്ങളും ആയി എത്തിയപ്പോൾ അവിടെ ആരെയും കണ്ടിരുന്നില്ല ...
ചോദിച്ചവരൊക്കെ തന്ന അറിയില്ല എന്ന മറുപടിയിൽ എനിക്കു  തൃപ്തി അടയേണ്ടി വന്നു ...

എന്തു ചെയ്യണം എന്ന് എനിക്കു അറിയില്ലായിരുന്നു  ... എന്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ കവിൾത്തടങ്ങളിൽ  വീണു പൊള്ളി ....അന്നു ആ ആൽമരം  പറഞ്ഞ പോലെ ആരും എന്നോട് കഥ പറഞ്ഞിട്ടില്ല ..

Saturday, May 30, 2020

ഒരു കല്യാണാലോചന ............

എൻ്റെ കൂട്ടുകാരിക്ക് ഒരു കല്യാണാലോചന വന്നു ... കാണുന്നതിനും മുന്നേ ഇപ്പോഴത്തെ നാട്ടുനടപ്പ് അനുസരിച്ചു ഫോണിൽ സംസാരിക്കട്ടെ എന്നും പറഞ്ഞു ഫോൺ നമ്പർ കൈമാറി ... അങ്ങനെ പിറ്റേ ദിവസം പുള്ളി  അവളെ ഫോൺ ചെയ്തു ...   സ്വത്തു വിവരങ്ങളും, വീട്ടുകാരുടെ വിദ്യാഭാസവും,വീടിന്റെ എണ്ണവും,ഒരു ഭാര്യ എങ്ങനെ ആയിരിക്കണം എന്നതും പുള്ളിയുടെ ശാന്തമായ സ്വഭാവത്തെപ്പറ്റിയും  ക്ലാസ്സ്  എടുത്തു .. വീട്ടിൽ വന്നു പെണ്ണ് കാണും മുന്നേ പുറത്തു എവിടെ എങ്കിലും വച്ചു കണ്ടു മനസ്സ് വലിച്ചു തുറക്കാം എന്നാലേ അടുപ്പം ഉണ്ടാകൂ എന്നു പുള്ളി പറഞ്ഞു .. നാളെ ടൈം പറയണം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു .. റേഡിയോയിൽ ഇപ്പോ കേട്ട പത്തു മിനിട്ടു പ്രോഗ്രാം ഏതാ എന്നു ആലോചിക്കും പോലെ അവൾ അങ്ങനെ ഇരിക്കയാണ് ...

പിറ്റേ ദിവസം കുറച്ചു രാത്രി ആയ ശേഷം പുള്ളി വീണ്ടും വിളിച്ചു .. നാളെ എപ്പോഴാ കാണുന്നെ എന്നു ചോദിച്ചു ...  എനിക്ക് താല്പര്യം ഇല്ല, കാണണ്ട എന്ന് അവൾ പറഞ്ഞു... എന്താ കാര്യം എന്നു രണ്ടു മൂന്നു തവണ ചെവി പൊട്ടുന്ന ശാന്തതയിൽ  ചോദിച്ചു ... ഇത്രേം ശാന്തത എനിക്കു പറ്റില്ല ചേട്ടാ എന്ന് പറയുന്നതിനു മുന്നേ  പുള്ളി അങ്ങേയറ്റം ശാന്തനായി ... പിന്നെ ഉള്ള വാക്കുകൾ ഇങ്ങനെയാണ് ....


" നിനക്കു ആരു വരുമെന്നാടി നിൻറെ വിചാരം ,കൊച്ചിന്ന് കൊച്ചിരാജാവ് വരോ .. നീ ഇങ്ങനെ മൂത്തു നരച്ചു നിക്കുമെടി ... നീ  ഇങ്ങനെ ഇരുന്നോടി നിനക്കു ആരേം കിട്ടില്ലാ .. "


കൊച്ചിന്ന് കോയമ്പത്തൂർ രാജാവിനു വരാൻ പറ്റില്ലാലോ എന്നു ഓർത്തു ജീവിതം നായ നാക്കിലല്ലോ എന്ന ചാരിതാർഥ്യത്തിൽ അവൾ ഫോൺ കട്ട് ചെയ്തു ... ആ ശാന്തമായ അന്തരീക്ഷത്തിൽ ഫോൺ കട്ട് ആയ വിവരം പുള്ളി അറിഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കും മുന്നേ ചില പോലീസ്‌കാരന്മാർ വിളിക്കുന്ന നല്ല ശുദ്ധമായ ഫ്രഷ് ആയ തെറി ടെക്സ്റ്റ് മെസ്സേജിലൂടെ ഒഴുകി വന്നു ...


 ഇതു കണ്ടു അവൾക്കു സങ്കടപ്പെടാനേ കഴിഞ്ഞുള്ളു ... പിന്നെ തെറി ഒക്കെ അവൾ അച്ഛനു കൈമാറി കാര്യങ്ങൾ അതിന്റെ വഴിക്കു പോയി...


പക്ഷെ എനിക്കു മനസ്സിൽ ആകാത്ത കാര്യം എല്ലാവരെയും എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നുണ്ടോ?

ഈ മൈൻഡ് എങ്ങനെയാണു ഓരോരുത്തർക്കും  ജനിക്കുന്നത് ??ഒരു പെണ്ണു    "നോ" പറഞ്ഞാൽ സഹിക്കാൻ പറ്റില്ല അപ്പോ അവന്റെ ഉള്ളിലെ മെയിൽ ഷോവനസ്റ്റ് ഉണരും .. ജീവിതത്തിൽ പത്തുമിനിറ്റ് മാത്രം സംസാരിച്ചിട്ടു, പതിനൊന്നാമത്തെ മിനിറ്റിൽ തെറി പറയും ... അവസരം കിട്ടിയാ ആസിഡ് ഒഴിക്കും അല്ലെ തീ വച്ചു കൊല്ലും ..

ഓരോരുത്തരും മനസ്സിൽ ആക്കേണ്ട  ഒരു കാര്യം ഉണ്ടു എന്നു എനിക്കു തോന്നുന്നു .. ആരും ആർക്കും വേണ്ടി ജനിക്കുന്നവരല്ല ... ആരും ആരുടെയും സ്വന്തവും അല്ല ... ഈ ജീവിതത്തിൽ നമുക്കു കിട്ടുന്ന ഇഷ്ടങ്ങളും സ്നേഹങ്ങളും എല്ലാം ഔദാര്യങ്ങൾ ആണ് ... ഒന്നും  അവകാശങ്ങൾ അല്ല... ആണ് പെണ്ണ് എന്നു വേർതിരിക്കാതെ നമുക്ക് എല്ലാവരേം മനുഷ്യരായി കാണാം ...

Tuesday, February 10, 2015

വീണ്ടും ജനിക്കുമോ ???

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കയാണ് ............




അച്ഛാ......... അമ്മ എന്താ ഇങ്ങനെ നടക്കണേ??
അതെ..മോള്‍ക്ക്‌ ഒരു കുഞ്ഞു അനിയന്‍ വരും ..
എന്നാ ??
കുറച്ചു ദിവസം കഴിയുമ്പോ ...
അനിയന്‍ അമ്മേടെ വയറ്റിലാണോ ...
അതെ മോളെ ..
അമ്മേ......... വേദനിക്കുനുണ്ടോ ??
ഇല്ല... മോള്‍ പ്രാര്‍ത്ഥിക്കണോട്ടോ ....

വീട്ടിനടുത്തു പോലും കൂടെ കളിയ്ക്കാന്‍ ആരും ഇല്ലാത്ത എന്‍റെ മനസ്സില്‍ അച്ഛന്‍റെ ആ വാക്കുകള്‍ വല്ലാത്ത മോഹങ്ങള്‍ തന്നു ...
അന്ന് മുതല്‍ ഞാന്‍ പലതും എന്‍റെ കുഞ്ഞു അനുജന് വേണ്ടി കരുതാന്‍ തുടങ്ങി ..
സ്കൂളില്‍  പോയാല്‍ ,,എല്ലാ കൂട്ടുകാരും സ്വയം മറന്നു കളിക്കുമ്പോള്‍ പോലും
അവനെ ആരേലും കൊണ്ട് പോയാലോന്ന പേടിയാല്‍ എന്‍റെ മനസ് അസ്വസ്ത്മായിരിക്കും.....

അതിനു ശേഷം ഞാന്‍ അമ്മയുടെ അടുത്തെ കിടക്കു ..ആദ്യം അവനെ എനിക്ക് കാണണം ..ആദ്യം കണ്ടാ അവന്‍ എന്നെ മറക്കേ  ഇല്ല,,,, എന്നും എന്നോട് കൂടുതല്‍ സ്നേഹം ഉണ്ടാകും,,,,എന്നു ഞാന്‍ വിശ്വസിച്ചു ..
പക്ഷെ ഞാന്‍ ഉറങ്ങുമ്പോള്‍ അടുത്ത് കിടക്കുന്നവരെ  ചവിട്ടുകയോക്കെ ചെയ്യുന്നത്  കൊണ്ട്  എന്‍റെ മോഹം നടക്കാതെ വന്നു ...
പലപ്പോഴും വാശി പിടിച്ച എന്നെ അച്ഛന്‍ തല്ലി...
അതില്‍ പിന്നെ അച്ഛന്‍ എന്‍റെ ശത്രു ആയി ...
അടുത്ത റൂമില്‍ കിടന്നാലും ,  അമ്മയുടെ വയറ്റില്‍ ഇരുന്നു കണ്ണ് പകുതി അടച്ചു കല്ലിനെ പോലും അലിയിക്കുന്ന ആ നിഷ്കളങ്കമായ അവന്റെ ചിരി സ്വപ്നം കണ്ടു ഉറങ്ങാന്‍ തുടങ്ങി  ..
 എന്‍റെ എല്ലാ ദിവസങ്ങളും,,,ശ്വാസവും,,,,ഹൃദയത്തിന്‍  മിടിപ്പും,,,അവനു വേണ്ടി മാത്രമായിരുന്നു .... അനുജന്‍റെ വരവ് വൈകുന്നത് കൊണ്ടാവാം ..എന്തിനെന്നില്ലാത്ത എന്‍റെ പിടി വാശി വീട്ടിലുള്ളവരെയും ടീച്ചര്‍ മാരെയും അലോസരപ്പെടുത്തി  ...  അങ്ങനെ ദിവസങ്ങള്‍ ഞാന്‍ യുഗങ്ങളായി തള്ളി നീക്കി കൊണ്ടിരുന്നു ...

ഒരു ദിവസം ഞാന്‍ സ്കൂളില്‍ നിന്നും വരുകയായിരുന്നു ..
ഒരു കാറില്‍ അമ്മ അച്ഛന്‍റെ തോളില്‍ തല ചാച്ച് കിടക്കുന്നു ...
അമ്മയുടെ മുക്കിന്റെ തുമ്പില്‍ നിന്നും മുത്ത്‌ പോലെ ഒരു വിയര്‍പ്പുതുള്ളി വീഴുന്നതെ ഞാന്‍ കണ്ടുള്ളൂ ...  പൊടി പാറി കൊണ്ട്  ആ കാര്‍ എന്നെയും കടന്നു പാഞ്ഞു പോയി ...  കാര്‍ എന്‍റെ കണ്മുന്നില്‍ നിന്നും മറയും വരെ  ഒന്നും മനസിലാകാതെ   നിന്ന എന്നെ
അപ്പുറത്തെ വീട്ടിലെ ആന്റി കൂട്ടി കൊണ്ട് പോയി ..
നാവ് കൂട്ടി കെട്ടിയ പോലെ നിന്ന എന്നോട് ആന്റി പറഞ്ഞു അവര്‍ നാളെ  കുഞ്ഞു വാവയെ കൊണ്ട് വരും ...
ഇതു കേട്ടപ്പോള്‍ എന്നില്‍ നിന്നും വിടര്‍ന്ന നനുത്ത ആ പുഞ്ചിരിയില്‍  കണ്ണുനീരിന്‍ ഉപ്പുരസം ഉണ്ടായിരുന്നു.........
  
അന്ന് ഞാന്‍ ഉറകത്തില്‍ ഞെട്ടി ഉണര്‍ന്നു നിലവിച്ചു ...അനിയനെ കാണാന്‍ ഇല്ല..അച്ഛനും അമ്മയും കരയുന്നു ....

വീയര്‍പ്പില്‍  കുളിച്ച് , നാവ് അഗാദ ഗര്‍ത്തത്തിലേക്ക് ആണ്ടു ,  വരണ്ട തൊണ്ടയുമായി  ഇരിക്കുന്ന എന്നെ ,  ആന്റി  സ്വപ്നലോകത്ത് നിന്നും തിരികെ കൊണ്ട് വന്നു ...
പിറ്റേ ദിവസം ഞാന്‍ സ്കൂളില്‍ പോയില്ല.......
ഒരിക്കലും  കണ്ടിട്ടില്ലാത്ത  അവന്‍  , എന്‍റെ കൂടെ കളിക്കുനതും , കൊച്ചരി പല്ല് കാട്ടി ചിരിക്കുന്നതും , ആ നനവാര്‍ന്ന മെയ്യില്‍  ഞാന്‍ തലോടുന്നതും , പിഞ്ചു കൈകളില്‍ മുത്തം കൊടുക്കുന്നതും  , ആകാശത്തിലെ  മഴവില്ല് പോല്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു .........
പകല്‍  അന്തിയോളം  ഞാന്‍ കാത്തിരിന്നു.....അവര്‍ വന്നില്ല...

ആന്റിയുടെ സാന്ത്വനപ്പെടുതലുകള്‍ എനിക്ക് ആശ്വാസം പകര്‍ന്നു  തന്നിരുന്നില്ല ...... എന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ കിനിഞ്ഞു തുടങ്ങി ...
ആന്റി പാല്‍ തന്ന പാത്രം ഞാന്‍ തറയിലിട്ടു,,,അടിച്ചു കരയുന്നതിനേക്കാള്‍  ഒച്ച എന്‍റെ ഹൃദയമിടിപ്പിനുണ്ടായിരുന്നു.......കരഞ്ഞു തളര്‍ന്നു ആ പടി വാതില്‍ക്കല്‍ കിടന്നു ഞാന്‍ ഉറങ്ങി ..സൂര്യന്‍ പടിഞ്ഞാറു നിന്നു മറഞ്ഞതും അതെ കാര്‍ മുറ്റത്തു വന്നു നിന്നു..
എന്‍റെ കണ്ണ് നീരെല്ലാം ആവിയായി ...ഞാന്‍ ഓടി കാറിനടുത്തേക്ക് ചെന്നു...
പഴയ പോലെ അമ്മ കരയുകയാണ് .... ചെങ്കട്ട പോലെ ചുവന്നിരിക്കുന്ന  അമ്മയുടെ മുഖത്തേക്ക്   നോക്കിയപ്പോള്‍ ഉദിച്ചുയരുന്ന ആദിത്യ ഭഗവാനെ നേര്‍ക്കുനേരെ കണ്ടപോല്‍  എന്‍റെ കണ്ണുകള്‍ ചിമ്മി  ... 

അമ്മയുടെ ആ വലിയ വയര്‍ കാണാനില്ല .. അനിയനെ ഞാന്‍ അവിടെ എല്ലാം തിരഞ്ഞിട്ടും  കണ്ടില്ല....ഉള്ളില്‍ ആളുന്ന തീയുമായി എന്‍റെ ' അനുജനോ ' ....എന്ന് ചോദിച്ച എന്നോട് അച്ഛന്‍ പറഞ്ഞു,
അവന്‍ ഇപ്പം വരുന്നില്ല പിന്നെ വരാമെന്ന് പറഞ്ഞുന്നു...അപ്പോള്‍ അമ്മയുടെ  തേങ്ങല്‍  എന്‍റെ  പിഞ്ചു ഹൃദയത്തെ കീറി  മുറിക്കുന്നതായിരുന്നു.. ...

എന്തിനാ അവന്‍ വരണില്ല എന്ന്   പറഞ്ഞത് ????

ഞാന്‍ അവനു വേണ്ടി കാത്തു വച്ച വളപ്പൊട്ടുകളും , നന്നായി പഴുത്തു ചുവന്ന നെല്ലികയും , പെന്‍സില്‍ തുണ്ടുകളും , എടുത്തു അമ്മയുടെ മടിയിലെക്കിട്ടു  ഇപ്പോ കാണണം എന്ന് വാശി പിടിച്ച എന്നെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു അമ്മ പൊട്ടി കരഞ്ഞു ........ 

കരഞ്ഞു തളര്‍ന്നു മയക്കത്തിലേക്കു അടര്‍ന്നു വീണ ഞാന്‍ എണീക്കുംപോള്‍ , അച്ഛന്റെ കയ്യില്‍ ഒരു വെള്ള തുണിക്കെട്ട്...

 അച്ഛാ   എന്താ ഇതു.....എന്‍റെ അനുജനാണോ?? അവന്‍ വന്നോ??
 കണ്ണുനീര്‍ തുള്ളികള്‍ ആദ്യമായി അച്ഛന്‍റെ കവിള്‍ തടത്തെ നനക്കുന്നത് ഞാന്‍ കണ്ടു ...

മിണ്ടല്ലേ...മിണ്ടിയാല്‍ പാപം കിട്ടും.....ഇടറുന്ന സ്വരത്തില്‍ അച്ഛന്‍ എന്നോട് പറഞ്ഞപോള്‍  , ഞാന്‍ മിണ്ടിയില്ല.....

നീറുന്ന ഹൃദയവുമായി , എന്‍റെ പൊന്നനുജനെ എന്നെന്നേക്കുമായി  ഉറക്കി കിടത്താന്‍  പൂഴി മണ്ണില്‍ അച്ഛന്‍ ആഞ്ഞു വെട്ടുമ്പോള്‍ .... 

അടക്കാനാകാത്ത  നൊമ്പരത്തില്‍ മുങ്ങി ...സത്യമറിയതെ.....ശൂന്യതയിലേക്ക്  കണ്ണും നട്ടു..... ഞാന്‍ ചിന്തിച്ചു  കൊണ്ടിരുന്നു....

" അവന്‍ എന്താ വരാത്തെ  ?? "



Wednesday, December 3, 2014

ഗസ്റ്റ് ലെക്ച്ചര്‍

ഞാന്‍ കൈമനം വിമന്‍സ് പോളി ടെക്നിക്കില്‍ പഠിക്കുന്ന കാലം....ഓര്‍ത്തെടുത്തല്‍ ഏകദേശം ഒരു മൂന്നു നാല് വര്‍ഷത്തെ പഴക്കമേ ഉള്ളു...

കൈമനം അറിയല്ലോല്ലേ??

തംമ്പാനൂരില്‍ നിന്ന് പാപ്പനം കോട് വഴി പോകുന്ന ഏതൊരു ബസ്സില്‍ കയറി,,, നാല് രൂപ കൊടുത്തു,,,, ' പോളിടെക്നിക്ക് ' എന്ന് പറഞ്ഞാല്‍ സന്തോഷപൂര്‍വ്വം അവിടെ കൊണ്ടാക്കും .

ഈ പോളി ടെക്നിക്കിലെയൂം തൊട്ടപ്പുറത്തെ എന്‍ എസ് എസ് വിമന്‍സ് കോളേജിലെയും സുന്ദരികളായ തരുണീമണികളെ കൊണ്ടു സംമ്പുഷ്ഠമാണ് കൈമനം ...സ്വയം പുകഴ്ത്തല്‍ അല്ലാട്ടോ..

എന്തിനു ഏറെ പറയുന്നു..... പേരിനു പോലും ഒരു ആണ്‍ തരി , ഒരു രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഇല്ല...

സത്യത്തില്‍ ഒരു വനിതാ ജയില്‍ .... മൂന്നു വര്‍ഷം ഈ മതില്‍ കെട്ടിനുള്ളില്‍ കഴിഞ്ഞു കൂടിയതോര്‍ക്കുമ്പോള്‍ ഇപ്പോളും ആ ഞെട്ടല്‍ മാറുന്നില്ല.....

ആകെ ക്ലാസ്സ്‌ എടുക്കുന്ന രണ്ടു സറുമ്മാര്‍ ഉണ്ട് അവരും ദേ പെന്‍ഷന്‍ ആവുകയാണ് ....

അങ്ങനെ ആ വാതിലും അടഞ്ഞു ...

ഒരു രക്ഷയും ഇല്ലാതെ , ടയര്‍ പഞ്ചറായ പാണ്ടി ലോറി , തേരി തള്ളി കയറ്റുന്ന പോലെ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് , ഗസ്റ്റ് ലെച്ചറിനു വേണ്ടിയുളള ഇന്റര്‍വ്യൂ നടക്കുനുണ്ട് എന്ന വാര്‍ത്ത‍ അറിഞ്ഞത് .....

ഹോ .....ഏതേലും ഒരു സുന്ദര കുട്ടന്‍ വരാതിരിക്കില്ല ...

പിന്നെ ഉള്ള എല്ലാ ദിവസവും ,, മൂന്നു നേരം സ്റ്റാഫ്‌ റൂമില്‍ കേറി നോക്കും ... ഗസ്റ്റ് ലെച്ചര്‍ വന്നോ എന്നറിയാന്‍ ....

എവിടെ ......ഇവിടം ഒരു ബാലികേറാ മല പോലെ ആണോ എന്നൊരു സംശയം.....

കാത്തിരിപ്പിനു ഒടുവില്‍ അന്ത്യമായി...

ദേ വന്നു ഒരു ഗസ്റ്റ് ലെച്ചര്‍ ‍...

ഒന്നാം വര്‍ഷ ഇലക്ട്രോണിക്സില്‍ പഠിപ്പിക്കുന്നു...ഒളിഞ്ഞു നോക്കിയാണ് വിവരം സുന്ദരികള്‍ പറഞ്ഞത് ...

നമ്മുടെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ ക്ലാസ്സ്‌ രണ്ടാം നിലയിലാണ്‌ ..

ക്ലാസ്സില്‍ ഗസ്റ്റ് ലെച്ചറെ ഓര്‍ത്തിരിക്കയാണ് എല്ലാരും....

പൊടുന്നനെ അവെടെങ്ങും കണ്ടിട്ടിലാത്ത ഒരു പയ്യന്‍ ക്ലാസ്സിലെക്ക് ചാടി കയറി ഓടി വന്ന് ബുക്ക്‌ മേശ മേല്‍ വച്ച് ചോക്ക് എടുത്തു എഴുത്തു തുടങ്ങി ..

" മോഡേണ്‍ കമ്മ്യൂണിക്കേഷന്‍ "...

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു....

ബോര്‍ഡില്‍ ബ്ലോക്ക് ഡയഗ്രാമുകള്‍ മലരണി കാടുകള്‍ പോലെ തിങ്ങി വിങ്ങി നില്‍ക്കുന്നു .... ആ മനുഷ്യന്‍ എന്തൊക്കെയോ പറയുന്നു...അങ്ങോട്ട്‌ പോകുന്നു.... ഇങ്ങോട്ട് പോകുന്നു....തെക്ക് വടക്ക് നടക്കുന്നു.....ടെസ്റ്റ്‌ മറിക്കുന്നു ..ആകെ ഒരു ബഹളം തന്നെ ...

അയ്യോ ..... സര്‍ ആണ്

നമ്മള്‍ എല്ലാം ബഹുമാനസൂചകം എന്നോണം ചാടി എണീറ്റു..

സര്‍ ചോദിച്ചു...... എന്താ ..എന്താ...എന്താടേ... (പാവം പേടിച്ചു പോയി)

ഒന്നും ഇല്ല സാര്‍ ഗുഡ് മോര്‍ണിഗ്ഗ്ഗ്ഗ്ഗ്ഗ്ഗ് ...

ഹോ ..

ആരുടെങ്കിലും കയ്യില്‍ വെള്ളം ഉണ്ടോടോ....

ആരും ഒന്നും മിണ്ടിയില്ല ....

കണ്ടയിടതെല്ലാം ഓടി കയറി ഇരുന്ന് , വെള്ളം കണ്ടിട്ട് മാസങ്ങളായ ഒരു ചുവന്ന ഷര്‍ട്ടും , നിറം ഏതാന്ന് തിരിച്ചറിയാന്‍ വയ്യാത്ത ഒരു വലിയ പാന്റും , മുഖത്തൊരു കണ്ണാടിയും,കൈയിലെ ചോക്കും , വായ തുറന്നുള ആ നില്‍പ്പും കണ്ടു , വെള്ളം ഇല്ല എന്ന് പറയാന്‍ എനിക്ക് മനസ്സു വന്നില്ല ....

ഉണ്ട് സര്‍ ......വെള്ളം കുടിക്കാനുള്ള ത്വര എന്നോണം സര്‍ എന്‍റെ നേര്‍ക്ക്‌ നോക്കി...

ഫില്‍റ്ററില്‍ ഉണ്ട്... ഞാന്‍ പറഞ്ഞു ....

പെട്ടെന്ന് സാറിന്‍റെ മുഖം മാറി...സര്‍ ബോര്‍ഡില്‍ കുത്തി കുറിച്ചതെല്ലാം ആ കൈ കൊണ്ട് തന്നെ മായ്ച്ചു....പിന്നെ കൊണ്ട് വന്ന ബുക്ക്‌ എല്ലാം എടുത്തു അസ്ത്രം തൊടുത്ത പോലെ ഒറ്റ പോക്ക് ....

കംപ്ലന്റ്റ് ചെയ്യാനാവും എന്ന് പറഞ്ഞു എല്ലാരും എന്നെ പേടിപെടുത്താന്‍ തുടങ്ങി ....

സര്‍ ഇലക്ട്രോണിക്സ് ഹെഡ്നോട് എന്തോ സീരിയസ് ആയി സംസരിക്കയാണ് എന്ന് കുറെ പേര്‍ സ്റ്റാഫ്‌ റൂമില്‍ പോയി നോക്കിട്ടു പറഞ്ഞു..എനിക്ക് ആകെ പേടിയായി ... പരിഹാരമായി ഞാന്‍ സോറി പറയണം ....

മനസില്ല മനസോടെ ഞാന്‍ സര്‍നോട് സോറി പറയാന്‍ തീരുമാനിച്ചു .. എല്ലാമൊക്കെ പറഞ്ഞു പഠിച്ചു സ്റ്റാഫ്‌ റൂമില്‍ ചെന്നതും സര്‍ എന്നെ കണ്ട ഭാവം നടിക്കാതെ ബാഗും എടുത്തു ഇറങ്ങി പോയി ....

ഈശ്വര സാര്‍ റിസൈന്‍ ചെയ്തു.. ഗുരു ശാപം എന്‍റെ തലയില്‍ വീണു

മനസ്സില്‍ ഗുരുശാപം ഭയന്ന് ഞാന്‍ ക്ലാസ്സിലേക്ക് നടന്നു ...

അടുത്ത ക്ലാസ്സ്‌ മൈക്രോ കണ്ണ്‍ട്രോളര്‍ ആണ്....ടീച്ചര്‍ വന്നു....

ആദ്യത്തെ ക്ലാസ്സില്‍ തന്നെ ഗസ്റ്റ് ലെക്ച്ചറെ ഇന്‍സള്‍ട്ട് ചെയ്തതിനു വഴക്ക് പറയാന്‍ വേണ്ടി ടീച്ചര്‍ എന്നെ വിളിക്കും എന്ന് പ്രതെക്ഷിച്ചിരിക്കയാണ് ഞാന്‍....

എന്‍റെ പ്രതീക്ഷ ഒട്ടും തെറ്റിയില്ല .... ദേ വിളിക്കണ് ..... വേറെ ആരും അല്ല പിയുണ്‍ ചേട്ടന്‍ ...പ്രിന്‍സിപാള്‍ ചെല്ലാന്‍ പറഞ്ഞു....

എന്നെ ഇവിടുന്നു പറഞ്ഞു വിടും..ഉറപ്പ് ...റ്റി സി പോലും തരില്ല ...എനിക്ക് കരച്ചില്‍ വന്നു ..ഞാന്‍ പ്രിന്സിപാളിന്‍റെ റൂമില്‍ ചെന്നു ..പിന്നെ ഒന്നും ചിന്തിച്ചില്ല .... ഞാന്‍ കാലിലെക്കങ്ങു മറിഞ്ഞു വീണു... ടീച്ചര്‍ കസേരയിലേക്കും ....

എന്നെ പറഞ്ഞു വിടരുത് ടീച്ചര്‍..എന്‍റെ പഠിക്കാനുള്ള അതിയായ മോഹം കൊണ്ട് പോളിയില്‍ വന്നതാ ..അറിയാതെ പറ്റി പോയതാ.. സത്യമായിട്ടും ഇനി ആവര്‍ത്തിക്കില്ല ... എന്നെ പറഞ്ഞു വിടല്ലേ ടീച്ചര്‍ .... പ്ലീസ്  ...

അതെങ്ങനെയാ കുട്ടി ..പോയേ പറ്റു ..

ഇല്ല ടീച്ചര്‍.. ഞാന്‍ പോവില്ല...ഒരിക്കലും പോവില്ല ..

ഇതെന്തു പണിയാ.....എന്‍ എസ് എസ് ന്റെ മീറ്റിംഗ് ഇന്നു ഉച്ചക്കാണ്... അന്ന് പോകാമെന്ന് സമ്മതിച്ചതല്ലേ .... ഇപ്പോ എന്താ ഇങ്ങനെ പറയുന്നത് ... ഇനി ഒട്ടും സമയം ഇല്ല , ഈ അവസാന നിമിഷം വേറെയേതു കുട്ടിയെ ഞാന്‍ അയക്കും .. ഒരു കാര്യം ഏറ്റെടുത്താല്‍ അത് ചെയ്യണം ..വളരെ മോശമായി പോയി ...നാശം ..പൊക്കോ എന്‍റെ മുന്നില്‍ നിന്ന് ....

അയ്യോ ...എന്‍റെ ഭഗവാനെ എന്നെ കൊല്ല് ...

അ ..അത് ടീച്ചര്‍ അതല്ല ..ഞാന്‍ പോകാം ..ടീച്ചര്‍ ഞാന്‍ തന്നെ പോകാം ....

വേണ്ട ...ഇപ്പോ എവിടുന്നു ഒന്ന് പോയി തന്നാ മതി ...

ടീച്ചര്‍ അടുത്ത കുട്ടിയെ തിരക്കാന്‍ ഫോണ്‍ ചെയ്യുകയാണ് ...

ഒരു ചാന്‍സ് കൂടി തന്നു കൂടെ ടീച്ചര്‍...ഞാന്‍ പോകാം...

ഡോ തന്നോട് പോകാനല്ലേ പറഞ്ഞത്..

ശോ....അവിടെ പോയി വന്നിട്ട് കുട്ടികളുടെ മുന്നില്‍ സ്റ്റാര്‍ ആവാം എന്നു കരുതിയതാ ....കുളമായി ...ഇനി എന്താ ചെയ്യാ ....

പറ്റിയ അബദ്ധം ആരോടും പറയാതെ ഞാന്‍ ക്ലാസ്സില്‍ വന്നിരുന്നു ...

പിറ്റേ ദിവസം ..

ഗസ്റ്റ് ലെച്ചര്‍ പോയത് കൊണ്ട് ഫസ്റ്റ് ക്ലാസ്സ്‌ ഫ്രീ ആണലോ എന്നാ സന്തോഷത്തില്‍ ടെസ്ക്കിന്റെ മുകളില്‍ ഇരുന്നു ' ചാര്‍ളി ചാപ്ലിന്‍ വെന്റ് ടു ദി മാര്‍ക്കറ്റ്‌ ' ......എന്നൊക്കെ പാടി , കൈ കൊട്ടി കളിച്ചു , ഉല്ലസിക്കുകയായിരുന്ന നമ്മളെ ഞെട്ടിച്ചു കൊണ്ട് പാന്റും ഷര്‍ട്ടും തേച്ചു മിനുക്കി അതിനകത്തേക്ക് ഇറങ്ങി .., ഇന്‍സേര്‍ട്ട് ചെയ്തു, വടം പോലും തോല്‍ക്കുന്ന ഒരു ബെല്‍റ്റ്‌ ഒക്കെ വരിഞ്ഞു മുറുക്കി , തല മുടി ഒക്കെ ചീകി മിനുക്കി , ഷൂവൊക്കെ വലിച്ചു കേറ്റി .. ഒരു ജെന്റില്‍ മാന്‍ ..

അതെ ഇന്നലത്തെ ഗസ്റ്റ് ലെച്ചര്‍ തന്നെ ...യോ.. സ്വപ്നം അല്ലല്ലോ ??? ...നമ്മള്‍ പരസ്പരം നോക്കി ..

ഗുഡ് മോര്‍ണിംഗ് എവെരി ബെടി ... ഐ ആമ് രേമേഷ് ..ഇന്‍ട്രോഡ്യുസ് യുവര്‍ സെല്‍ഫ്..

ഞങ്ങള്‍ ഓരോരുത്തരായി എണിറ്റു പേര് പറയാന്‍ തുടങ്ങി

ഈ സര്‍ എന്താ ഇന്നലെ ഉറങ്ങി എന്നേറ്റു അപ്പോഴേ ഇങ്ങു വന്നതാണോ? ..

ഓ.....എന്തായാലും ഞാന്‍ കാരണം ഒരാള്‍ രക്ഷപെട്ടല്ലോ ....സമാധാനമായി..

സര്‍ , വെള്ളം വേണോ എന്നു ചോദിച്ചാലോ ......വേണ്ടല്ലെ ..



എന്തിനാ ?? ജീവിച്ചോട്ടെ .....എന്നാലും എന്‍റെ എന്‍ എസ് എസ് മീറ്റിംഗ് പോയി...ആ അത് പോയാലെന്താ ഗുരുശാപം തലയ്ക്കു മേലെ ഇല്ലല്ലോ...ഞാന്‍ ഒന്ന് തലയില്‍ തൊട്ടു നോക്കി...ഇല്ല..സത്യായിടും ഇല്ല...

Tuesday, December 2, 2014

ചില സത്യങ്ങള്‍ .......

ഞാന്‍ വളരെ പ്രതികരണ സ്വഭാവം ഉള്ള വ്യക്തി ആണ്...കൂടെ വലിയ ദേശ സ്നേഹവും(എടുത്തു ചാട്ടം)... ഇവ കാരണം ഞാന്‍ എന്തെല്ലാം ത്യജിച്ചു എന്ന് പറയട്ടെ....... എവിടുന്നെല്ലാം അടി കിട്ടാതെ ഓടി എന്ന് അറിയാമോ??.... ദേശ സ്നേഹം വരുത്തി വച്ച രണ്ടു വിനകള്‍ ചുവടെ ചേര്‍ക്കുന്നു... ബാക്കി പിന്നെ ചേര്‍ക്കാം... :)


വിന ഒന്ന് 

ഞാന്‍ പോളി ടെക്നിക്കില്‍ പഠിക്കുന്ന കാലം .. ഞെട്ടി എണീറ്റപ്പോ സമയം എട്ടു... അമ്മേ എന്ന് ആഞ്ഞ് വിളിച്ചു എന്തൊക്കെയോ കാട്ടി കൂട്ടി തലേ ദിവസം കൊണ്ട് വച്ച ഭാണ്ടവും തലയിലേറ്റി ഒരു ഒറ്റ പോക്ക്.......അവിടെ ചെന്നപ്പോ ദേ...സാരി, ചുരിദാര്‍, ദാവണി, ലാച്ച, പോച്ച...... എന്നിങ്ങനെ വിവിധതരം ഉല്‍പ്പന്നങ്ങള്‍ അണിഞ്ഞ സുന്ദരികള്‍...പാവം ഞാന്‍ മാത്രം കുളിച്ചിട്ടു ഏഴു ആയി....തലയും പാറി പറത്തി യൂണീഫോമില്‍ വേച്ചു നില്‍ക്കുന്നു.... 

നമ്മുടെ ക്ലാസ്സ്‌ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ...നമ്മള്‍ ഓണം വിശാലമായി കൊണ്ടാടുകയാണ് (ഊഞ്ഞാലില്‍)...ഇതോക്കെ ഓര്‍മ ഉണ്ടാകാന്‍ എനിക്ക് ബോധം ഇല്ലാലോ.... ഞാന്‍ ചമല്‍ ആരേം അറിയിക്കാതെ ഫില്‍ട്ടരിന്റെ അടുത്തേക്ക് വെള്ളം കുടിക്കാന്‍ വന്നു..... ഒരു സെറ്റ് സാരി അണിഞ്ഞു പൂവൊക്കെ ചൂടി സ്വര്‍ണം വച്ചിട്ട് എന്തിനു എന്ന പരസ്യത്തിനു വന്ന പോലെ ആഭരണ കലവറയായി ഒരു കുട്ടി വെള്ളം ഓഫ്‌ ചെയ്യാതെ കടന്നു പോകുന്നു...എന്നിലെ രാജ്യ സ്നേഹം സട കുടഞ്ഞെണീറ്റു നിന്നു......വെള്ളം ഇല്ലാതെ പലരും കഷ്ടപെടുമ്പോള്‍..(പെപ്പ് പൊട്ടി റോഡു അരുവി ആകുമ്പോള്‍)....തല ചുമടായി വെള്ളം കൊണ്ട് വന്നു കുടിക്കുന്ന പലരും ഈ ഭാരതത്തില്‍ ഉള്ളപ്പോള്‍ വെറുതെ കിട്ടുന്ന വെള്ളം കളയുന്നുവോ?? ഞാന്‍ ഗര്‍ജിച്ചു... ഡേയ്.........കുട്ടി തിരിഞ്ഞു നോക്കി അതിന്റെ കണ്ണൊക്കെ ചെമ്പരത്തി ആയി .... എനിക്ക് ദയ തോന്നിയില്ല... തെറ്റ് ചെയ്തവര്‍ ശിഷ അനുഭവിക്കണം എന്ന് മനസ്സില്‍ പറഞ്ഞു അഭിമാന പുളകിത ആയി ഞാന്‍ നിവര്‍ന്നു നിന്നു ...ഇതു ഓഫ്‌ ചെയൂ...കുതിര കുളമ്പടി ശബ്ദത്തില്‍ അതിന്റെ മുട്ടുകള്‍ ഇടിച്ചു....പാവം അത് സോറി പറഞ്ഞു ഓഫ്‌ ചെയ്തിട്ട് പോയി...പിണെ ഞാന്‍ അതിനെ പലടതും വച്ച് കണ്ടു.. ദേശ സ്നേഹം ഇല്ലാത്ത ആ കുട്ടിയെ ഞാന്‍ ആലുവ മണപ്പുറത്ത് കണ്ട പരിചയം കാണിച്ചില്ല...അങ്ങനെ പലരേം മര്യാദ പഠിപ്പിച്ചും പലരും എന്നെ എടുത്തു പെരുമാറിയും ഒരു വര്‍ഷം കടന്നു പോയത് അറിഞ്ഞില്ല...കാത്തു കാത്തു ഇരുന്ന എന്റെ കമ്പ്യൂട്ടര്‍ ലാബ്‌ എക്സാം എത്തി...ലാബ്‌ അസിസ്റ്റന്റ്‌ ഇല്ലാത്തത് കൊണ്ട് എന്റെ സീനിയര്‍ ആയ ആ വെള്ളം കളയുന്ന കുട്ടിയായിരുന്നു ലാബില്‍.......... എന്റെ പ്രോഗ്രാം ഔട്പുട്ട് നോക്കാന്‍ ആ രാജ്യ ദ്രോഹി വന്നു ...പിണെ ഒന്നും പറയണ്ടാലോ...റിസള്‍ട്ട്‌ വന്നപ്പോ സപ്പ്ലിയും ദേശ സ്നേഹവുമായി ഞാന്‍ വീട്ടിലേക്ക്...പിന്നെ ആ ലാബ്‌ എക്സാം കിട്ടാന്‍ പെട്ട പാടു എനിക്കും ദൈവത്തിനും മാത്രേ അറിയൂ.....

വിന രണ്ട് 

എന്നെ ഒരിക്കല്‍ പെണ്ണ് കാണാന്‍ വന്ന ഒരു മഹാനെ ഞാന്‍ ട്രെനില്‍ വച്ച് കണ്ടു...എന്നെ കണ്ടതും ഒരു പാക്കറ്റ് കപ്പലണ്ടിയുമായി, റെഡ് ഷര്‍ട്ടും ബ്ലു ജീന്‍സും വൈറ്റ് ഷൂവും ഇട്ട അയാള്‍ ഓടി വന്നു എന്റെ ഓപ്പോസിറ്റ് സീറ്റില്‍ ഇരുന്നു...വന്നിരുന്നതും അയാള്‍ ഷൂവിട്ട് എന്റെ ആ വലിയ സീറ്റിന്റെ ഒരു സൈഡില്‍ ചവിട്ടി..അത് എനിക്ക് ഇഷ്ടപെട്ടില്ല...പക്ഷെ ഇ കാലമാടന്‍ എന്നെ കെട്ടിയാല്‍ പ്രതികാരം ചെയ്താലോ എന്ന് പേടിച്ചു ഞാന്‍ ഒന്നും മിണ്ടിയില്ല ..ദേ അയാള്‍ കപ്പലണ്ടി തോട് ട്രെയിന്റെ അകത്തു ഇടുന്നു....ഒരു ഭാരതീയ വനിതാ എന്ന നിലയില്‍ എനിക്ക് മിണ്ടാതിരിക്കാന്‍ കഴിയുമോ??ഞാന്‍ പറഞ്ഞു ഇതു പാടില്ല...അയാള്‍ എടുത്ത കപ്പലണ്ടിയെ തോടോടെ വിഴുങ്ങി,തൊണ്ടയില്‍ കുരുങ്ങി ചുമച്ചു,,ഒന്നും മിണ്ടാതെ ഒറ്റ പോക്ക് തിരുഞ്ഞു പോലും നോക്കിയില്ല....ഇതു വരെ.... ആ പിന്നെ ഒരു സമാധാനം ഉണ്ട്..പണ്ട് സ്വന്തം ജീവന്‍ പോലും ത്യജിച്ചല്ലേ പലരും നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത്...ഞാന്‍ ഒരു ചെക്കനെ അല്ലെ ത്യജിച്ചോള്ളൂ....

അടികുറിപ്പ് 

ഞാന്‍ വല്ല പോലീസും ആയാല്‍ എന്താകുമായിരുന്നു....ഭാര്യയോട്‌ കാര്യവും പറഞ്ഞു ഇഴഞ്ഞു ഇഴഞ്ഞു റോഡ്‌ ബ്ലോക്ക്‌ ആക്കി കാറില്‍ തുഴയുന്ന വള്ളക്കാരന്‍ മാരെയും ആനയും അമ്പാരിയുമായി താലപ്പോലിയെക്കാള്‍ കഷ്ട്ടത്തില്‍ നിരങ്ങുന്ന വൃത്തികെട്ടവന്‍മാരെയും (ബസ്സുകാരെ) ചെവിയില്‍ തൂക്കി എറിഞ്ഞു ലൈസെന്‍സ് കട്ട്‌ ചെയ്തേനെ... അങ്ങനെ ഒന്ന് രണ്ടു എണ്ണം ആകുമ്പോള്‍ ഒന്നുകില്‍ അവര്‍ എന്നെ വണ്ടി കേറ്റി കൊന്നേനെ..... അല്ലെ ആളെ വിട്ടു തല്ലിച്ചെനെ....

ഹോ വല്ല മന്ത്രിയും ആയാലോ.....പിന്നെ പറയണോ??

പേടി ആകുന്നു....

ഒരു നിമിഷം....

എന്റെ ഹോസ്റ്റല്‍ റൂമിന്റെ വാതിലില്‍ ആരോ മുട്ടി വിളിച്ചു........ സമയം എത്ര ആയി എന്നറിയാന്‍ ഞാന്‍ മൊബൈല്‍ തപ്പി.... 4.30 AM.... ആദിത്യന്റെ ചൂടിന്റെ കാഠിന്യം രാത്രി ആയിട്ടും വല്ലാതെ അലോസരപ്പെടുതുന്നതിനാല്‍ ഞാനും എന്റെ മുമ്മുവും(റൂംമ്മേറ്റ് ) തറയിലാണ്  കിടന്നുറങ്ങിയത്..... ഞാന്‍ അവളെ തട്ടി വിളിച്ചു..... പെട്ടെന്നു എന്റെ ഫോണ്‍ റിംഗ് ചെയ്തു.... വാതില്‍ തുറക്കുന്നതിനിടെ ഞാന്‍ ഫോണില്‍ സംസാരിച്ചു... എന്റെ അനുജത്തിയാണ്... അപ്പൂപ്പന് സുഖം ഇല്ല... എന്നോട് വേഗം വീട്ടിലേക്കു ചെല്ലാന്‍ പറഞ്ഞു.... അവളുടെ സ്വരത്തില്‍ പതിവില്ലാത്ത പക്വത എനിക്ക് തോന്നി.... റൂമിലേക്ക്‌ വന്ന വാര്‍ഡനും ഇതേ കാര്യം തന്നെ പറഞ്ഞു........


എന്റെ ഹൃദയമിടിപ്പ് ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു.... ദേഹമാകെ വിയര്‍പ്പു തുള്ളികള്‍ പൊതിഞ്ഞു.... കണ്ണുകള്‍ ഇറനണിഞ്ഞു.... എന്തു ചെയ്യണമെന്നറിയില്ല.... എന്തൊക്കെയോ എടുത്തു ബാഗിലാക്കി ഞാന്‍ പോകാനിറങ്ങി.... 

മുമ്മു എന്നെ റെയില്‍വേ സ്റ്റേനിലേക്ക് കൊണ്ട് പോയി... നമുക്ക് പരസ്പരം  ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.... അവിടെ ചെന്ന് അവള്‍ എനിക്ക് ചായ വാങ്ങി തന്നു.... ഞാന്‍ മനസില്ലാമനസ്സോടെ ട്രെയിനിലേക്ക്‌ കയറി... എന്റെ നാവ് ചലിക്കുന്നില്ല....... കൈ വീശി അവളോട്‌ പോകാന്‍ പറഞ്ഞു......  

ട്രെയിന്‍ നീങ്ങി തുടങ്ങി..... ദൂരം കാഴ്ചയെ ഭംഗപ്പെടുതും വരെ അവള്‍ എന്നെ നോക്കി നിന്നു.... ആ  അവസരത്തില്‍  അവള്‍ എനിക്ക്  തന്ന ആശ്വാസം മറക്കാനാകാത്തതായിരുന്നു..... 

എന്റെ മനസ് എന്തെന്നിലാത്ത അസ്വസ്തതയിലാണ്...... അപ്പൂപ്പന്‍ വീട്ടിന്റെ  നെടും തൂണായിരുന്നു.... 30 വര്‍ഷം കൂടെ താമസിച്ച ഭാര്യ വേര്‍പിരിഞ്ഞപ്പോഴും.... കൂടപ്പിറപ്പുകള്‍ തള്ളി പറഞ്ഞപോഴും... ആരോടും ഒരു നേര്‍ത്ത പരിഭവം പോലും കാണിക്കാതെ ഒറ്റയ്ക്ക് അധ്വാനിച്ചു ജീവിച്ച ഒരു മനുഷ്യന്‍.... കഴിഞ്ഞ ആഴ്ച കാണുംമ്പോഴും ഒരു കുഴപ്പവും ഇല്ലായിരുന്നു..പെട്ടെന്ന് എന്താ???

കുഞ്ഞായിരിക്കുമ്പോ കാവിലെ ഉത്സവത്തിനു ബലൂണ്‍ വാങ്ങി തന്നതും വേനലവധിക്ക്  മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടി തന്നതും.. എന്റെ മനസിന്റെ പിന്നാമ്പുറത്ത് തത്തി  കളിച്ചു...... എന്തെന്നിലാത്ത വീര്‍പ്പുമുട്ടല്‍ എനിക്ക് തോന്നി.... തണുത്തുറഞ്ഞ ആ ശരീരം പോലും എന്റെ മുന്നില്‍ മിന്നി മാഞ്ഞു.... ചീറി പായുന്ന ട്രെനിന്റെ ആരവം എന്റെ ഗദ്ഗദത്തെ കാറ്റില്‍ പറത്തി..... അടക്കി പിടിച്ച നൊമ്പരം ഒരു തേങ്ങലാകാന്‍  ഞാന്‍ ആഗ്രഹിചെങ്കിലും കഴിഞ്ഞില്ല... അത് എന്റെ കണ്ഠത്തെ വരിഞ്ഞു മുറുക്കിക്കോണ്ടിരുന്നു..... 

പച്ച പരവതാനി വിരിച്ചിട്ടിരിക്കുന്ന പട്ടാമ്പിയിലേക്ക്  2 ആഴ്ച കൂടുംമ്പം തിരുവനന്തപുരത്ത് നിന്നും ഞാന്‍ വരുമായിരുന്നു എന്റെ അപ്പൂപ്പനെ കാണാന്‍ വേണ്ടി മാത്രം....

ഞാന്‍ പിച്ച വച്ച് നടന്ന വയലേലകള്‍..... ജീവന് തുല്യം ഞാന്‍ സ്നേഹിക്കുന്ന എന്റെ തറവാട്.... ആ  വീട്ടിനോടുള്ള എന്റെ സ്നേഹം പറഞ്ഞാല്‍ തീരാത്തതാണ്.... എന്നും ഞാന്‍ ഓടി വരുമ്പോള്‍ വെള്ളമുണ്ട് ഉടുത്ത് തോളില്‍ വലിയ ഒരു തോര്‍ത്തുമണിഞ്ഞു ഉമ്മറപ്പടിയില്‍ എനിക്കായ്  കാത്തിരിക്കുമായിരുന്നു..... എന്നെ കാണുമ്പൊള്‍ പാവത്തിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറയുമായിരുന്നു.....

 ഇന്നു ആ ഉമ്മറ പടിയില്‍ കുറെചെരിപ്പുകള്‍..... എനിക്ക് തിരിഞ്ഞോടാന്‍ തോന്നി... ആരോ എന്നെ ബലമായി പിടിച്ചിട്ടുണ്ട്..... അവര്‍ എന്നെ കോലായിലേക്ക് കൂട്ടികൊണ്ട് പോയി..

അവിടെ ഒന്നും മിണ്ടാതെ..ഒന്ന് അനങ്ങാന്‍ പോലും വയ്യാതെ എന്റെ അപ്പൂപ്പന്‍..... ഇരിക്കാന്‍ എന്നെ ആരോ നിര്‍ബദ്ധിച്ചു..പക്ഷെ എനിക്ക് കഴിഞ്ഞില്ല.... ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്.... എന്നെ തഴുകുന്ന കൈകള്‍ ആരോ കൂട്ടി കെട്ടിയിരിക്കുന്നു.... എല്ലാവരും അലമുറയിട്ടു കരയുന്നുണ്ട്..... ഒരിറ്റു കണ്ണുനീര്‍  പോലും എന്റെ കൂട്ടിനില്ല.....

ചിത ഒരുക്കി.... അപ്പൂപ്പന്റെ ആ പൊന്‍ ശരീരം പുറത്തെക്കെടുക്കാന്‍  ഒരുങ്ങുമ്പോള്‍ അലറിയവരും ബോധം  കെട്ടവരും അനവധി.... എനിക്ക് മാത്രം ഒരു ഭാവഭേദവും ഇല്ലായിരുന്നു.... ആളുന്ന തീയിലേക്ക് ചാടി കയറാന്‍ തോന്നി എങ്കില്ലും കാലുകള്‍ ചലിക്കുന്നുണ്ടായിരുന്നില്ല.... ഒരു ജീവിതം പൊലിഞ്ഞു വീണ വേദന ഞാന്‍ ആദ്യമായി അറിഞ്ഞു...... 

ആ തറവാട്ടിന്റെ പടിക്കെട്ടുകള്‍ പിന്നിടുമ്പോള്‍ എന്റെ മനസിലെ ഒന്നേ ഉണ്ടായിരുന്നുള്ളൂ ഇനി ഇ പടവുകള്‍ എനിക്ക് അന്യമാകുമോ ?????

Wednesday, November 26, 2014

കൊഴിഞ്ഞു പോയവ...

അച്ഛനോടൊത്തു ഞാന്‍ ചായകടയിലേക്ക്‌ കേറി...ഒരു കണ്ണാടി അലമാരയില്‍ മുറുക്ക്, അച്ചപ്പം, പക്കാവട, മധുരസേവ എന്നിങ്ങനെ പലതരം വിഭവങ്ങള്‍...ഞാന്‍ ഒഴിച്ച് എല്ലാവരും ആണുങ്ങളണ് ...എല്ലാവരും കാള കണ്ണുകളോടെ എന്നെ നോക്കുന്നുണ്ട് ...അച്ഛന്‍ എനിക്ക് ഒരു ലൈറ്റ് ചായ വാങ്ങി തന്നു.....

ഞാന്‍ 20 വര്‍ഷം പിന്നിലേക്ക് നടന്നു.....ഫ്രോക്ക് അണിഞ്ഞു...മുടി ഒക്കെ ചീകി മിന്നുക്കി...അച്ഛന്റെ വിരല്‍ തുമ്പില്‍ തൂങ്ങി കഷ്ടപ്പെട്ട് പടികെട്ടുകള്‍ കയറുന്ന എന്നെ ഞാന്‍ ഓര്‍ത്തു...അന്ന് അച്ഛന്‍ പാലും വെള്ളം വാങ്ങി തരും...അച്ഛന്‍ ഒരു സ്ട്രോങ്ങ്‌ ചായ കുടിക്കും..അച്ഛന്‍ ചായകുടിച്ച ഗ്ലാസില്‍ എന്റെ പാലും വെള്ളം പകര്‍ന്നു തരും...ആ ചൂട്  വായിലെക്കിറങ്ങുമ്പോ എന്റെ കണ്ണുകള്‍ അറിയാതെ നനയുമായിരുന്നു.... ഉച്ച്വാസവായുവിന്റെ ചൂട് കൂടി എന്റെ മൂക്കിന്‍ തുമ്പത്ത് വിയര്‍പ്പുതുള്ളികള്‍ പറ്റി കൂടുമായിരുന്നു.....

എന്റെ കണ്ണുകള്‍ നിറഞ്ഞു....അന്നത്തെ കൊച്ചു കുഞ്ഞവാന്‍ എനിക്ക് അതിയായ മോഹം തോന്നി.....ഇനി അതൊന്നും ഒരിക്കലും വീണു കിട്ടില്ല.....മായാതെ മനസിന്റെ കോണില്‍ കിടക്കുന്ന ഒരു കൂട്ടം ഓര്‍മകളായി....ഒരിക്കലും മരിക്കാത്ത ഇഷ്ടങ്ങളായി എന്നും......


Thursday, August 28, 2014

നിനക്കുള്ള എന്റെ പ്രണയ സമ്മാനം.........

                     പതിവുപോലെ ഇന്നും,,,,,,......... വഴക്കിട്ടത്തിനു ശേഷം ഉള്ള വിലയിരുത്തലുകൾ,വേദനങ്ങൾ എല്ലാം മനസ്സിൽ തളം കെട്ടി നില്കയാണ്.... പതിവിലേറെ മനസ്സിൽ വല്ലാത്ത ഭാരം.... കിടക്കയിലേക്ക് ഞാൻ തല ചായ്ക്കുമ്പോൾ അവന്റെ സാന്നിധ്യം.... മണം.... എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... പലപ്പോഴും മനസിലായിട്ടും ആയില്ല എന്നു നടിച്ച കുറെ കാര്യങ്ങൾ എന്റെ മനസിലേക്കു വന്നു...

എനിക്കറിയാം അവൻ എന്നെ ഒരു പാടു സ്നേഹിക്കുന്നു.... എനിക്ക് അളക്കനാവുന്നതിലും അപ്പുറം... എന്റെ ഹലോ എന്നാ ഒരു വക്കിൽ പോലും അവൻ സംതൃപ്തനാണ്....
പക്ഷെ ഞാനോ പരാതിയും പരിഭവവും ആയി അവനെ വീർപ്പുമുട്ടിക്കുന്നു.... ഞാൻ തീരുമാനിച്ചു അങ്ങനെ ആകാൻ പാടില്ല.... ഇനി വിഷമിപ്പിക്കില്ല എന്നു ഉറപ്പിച്ചു..... എന്റെ ഇഷ്ടത്തെ മുറുകെപിടിച്ചു.....വറ്റാത്ത കണ്ണീരുമായ് അസ്വസ്തമായ മനസോടെ ഞാൻ ഉറങ്ങി......

കണ്ണിലേക്കു ആരോ പ്രകാശ വർഷം ചോരിച്ചു... ഞെട്ടി ഉണർന്നു സമയം 7 മണി.... ഒരു പാടു ലേറ്റ് ആയി എന്നാലും ഇന്നലത്തെ പിണക്കം ഉണ്ടോ എന്നറിയാൻ ഫോണ്‍ എടുത്തു ഡയൽ ചെയ്തു...
കോൾ അറ്റൻഡ് ചെയ്യുന്നില്ല.... വീണ്ടും വീണ്ടും ആവർത്തിച്ചു.... ഒരു പ്രതികരണവും ഇല്ല....
എന്റെ തല ചൂടു പിടിച്ചു തുടങ്ങി.... ടെൻഷൻ കേറി... ഇന്നലത്തെതിന്റെ ബാക്കി കരഞ്ഞു തുടങ്ങി.....

പെട്ടന്നു പോകാൻ റെഡി ആയി.... ആ സമയം ഫോണ്‍ റിംഗ് ചെയ്തു.... സന്തോഷത്താലും ചെറിയ പരിഭാവാത്തലും ഓടി ചെന്നെടുത്തു.... ഹലോ എന്നു പറഞ്ഞതും മറുവശത്തു നിന്നും പരിചയം ഇല്ലാത്ത ശബ്ദം.... അവൻ മെഡിക്കൽ കോളേജിൽ ആണു... എന്തോ അക്സിടെന്റ്റ്.....
കൂടുതൽ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.... ഒരു നിലവിളിയോടെ ഞാൻ കിടക്കയിൽ നിന്നും താഴെ വീണു...
അതൊരു സ്വപ്നമാണെന്നു തിരിച്ചറിയാൻ ഞാൻ നന്നേ പാടു പെട്ടു....

കൈയിൽ പ്ളാസ്റ്റര്‍ ഇട്ടു ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ എന്റെ കണ്ണുകൾ കൊതിച്ചതു അവനെ ഒരു നോക്കു കാണാനായിരുന്നു....

എന്നെ കാണാൻ അവൻ ഓടിയെത്തി.......ആ സമയത്തെ അവന്റെ നൊമ്പരത്തിൽ കലർന്ന ചിരി കണ്ടു എന്റെ മനസ്സ് എന്നോടു മന്ത്രിച്ചു ........ ഈ നിമിഷം മരിച്ചു പോയാലും ഈ ലോകത്തു ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്നു....

Thursday, July 31, 2014

എന്റെ ആദ്യ പ്രേമലേഖനങ്ങൾ........

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു കത്തു കിട്ടുന്നത്....

വെറും കത്തല്ല പ്രേമലേഖനം....ഒന്നല്ല... എഴ് എണ്ണം എന്റെ സീറ്റിൽ വച്ചിരുന്നു.......എനിക്ക് വളരെ സന്തോഷമായി....എല്ലാം ഒരേ കൈയെഴുത്ത്....... ആരു എഴുതി എന്നൊന്നും ഞാൻ ചോദിച്ചില്ല.......... എല്ലാം ഒരു രസത്തിനു വരി വരിയായി വായിച്ചു തകർത്തു..... കുറെ കടുകട്ടി വാചകങ്ങൾ പിന്നെ എനിക്ക് വളരെ ഇഷ്ട്ടം തോന്നുന്ന ചില സിനിമ വാചകങ്ങൾ.... പിന്നെ നീ  ഇല്ലാത്ത ജീവിതം എനിക്കു ഉപ്പില്ലാത്ത കഞ്ഞിയാണ് ...ചന്ദ്രനില്ലാത്ത ആകാശം ആണ് ....ചിക്കൻ ഫ്രൈ ഇല്ലാത്ത പറോട്ട ആണ് .... അങ്ങനെ വായിച്ചു രസിച്ചു ചിരിച്ചു ഇരിക്കുമ്പോഴണ് ഇതു ആരാ എനിക്ക് എഴുതിയത് എന്ന ചിന്ത എന്റെ മനസിലും സാറ് ക്ലാസ്സിലും വന്നതു....

സാറിനെ കണ്ടതും എല്ലാം ചുരുട്ടി മടക്കി ഞാൻ സാറിനു കൊടുത്തു..........

സംഗതി കൈയിൽ നിന്നു പോയി എന്നു മനസിലായതും എഴുതിയവരുടെയും എന്റെ കൂടെ വായിച്ചു രസിച്ചവരുടെയും പൊടി പോലും കാണാനില്ല...... ഞാനും കുറെ പ്രേമലേഖനങ്ങളും സാറും ക്ലാസ്സിന്റെ മുന്നിൽ നില്കയാ..... എന്തു ചെയ്യണം എന്നെനിക്കൊരു പിടിയും ഇല്ല....

സർ കോമരം പോലെ ഉറഞ്ഞു തുള്ളി..... ഇ സർനു എന്താ........ എനിക്ക് അറിയില്ല.....

സാറിനു മറുപടി ആണ് അറിയേണ്ടിയിരുന്നതു.....എനിക്ക് ചിരിക്കണോ കരയണോ എന്നറിയാൻ വയ്യ.... ആരാ ഇതു തന്നതു എന്നുള്ള  സാറിന്റെ ആക്രോശത്തിൽ എന്റെ സർവ്വ നിയന്ത്രണവും തെറ്റി... പൊട്ടി പൊട്ടി കരഞ്ഞു....... 

എനിക്ക് ഒന്നും അറിയില്ലേ.... ആക്രാന്തം മൂത്തു വായിച്ചു പൊയതാാാ.......എന്നൊക്കെ ഞാൻ സത്യം ചെയ്തു പറഞ്ഞു.... 

അച്ഛനെ വിളിപ്പിക്കും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു.......സർ വിളിച്ചാ അച്ഛൻ വരും എന്നു പറഞ്ഞു ഞാൻ സാറിനെയും പേടിപ്പിച്ചു..... സർ പേടിച്ചതാണോ  സത്യം മനസിലാക്കിയതാണോ അതോ പിള്ളേരല്ലേ എന്നു കരുതി ഉപേക്ഷിച്ചതാണോ എന്നറിയില്ല... സർ പിന്നെ ഒന്നും ചോദിച്ചിട്ടില്ല...

കുറെ ദിവസം ഇതു ആരു കൊണ്ടുവച്ചു എന്നറിയാൻ ഞാൻ ശ്രമിച്ചു.... നടന്നില്ല........

അങ്ങനെ എന്റെ ആദ്യത്തെ പ്രേമലേഖനങ്ങൾ ആരു എഴുതിന്നുപോലും അറിയാതെ പൊലിഞ്ഞു പോയി.....


Sunday, May 25, 2014

ഒരു ഓർമ്മക്കുറിപ്പ് ............


                   എനിക്ക്  ഏറ്റവും കൂടുതൽ അടുപ്പമുള്ള എന്റെ കിടക്കയിൽ  തല ചായ്ക്കുമ്പോൾ സമയം രാത്രി 11 .30 ....
വളരെ നേരം കണ്ണടച്ചു കിടന്നിട്ടും  ബോധ മനസ് എന്നെ വിട്ടു പോകുന്നില്ല എന്നു  മനസിലാക്കി എന്റെ ഡയറി ഞാൻ മാറിച്ചുതുടങ്ങി ..........

വർഷങ്ങൾക്കു  മുന്നേ പച്ചമഷി കൊണ്ടു  കോറിയിട്ട ചില  താളുകൾ  എന്റെ ശ്രദ്ധയിൽപ്പെട്ടു ...

അതിൽ ഒന്ന് ഇങ്ങനെയായിരുന്നു......


" പി എം ജി യിൽ നിന്നു കൊല്ലം കെ എസ്സ് ആർ ടി സി ബസ്സിൽ കയറി... ഭാഗ്യത്തിനു അറ്റം സീറ്റ്‌ കിട്ടി... പണ്ടു തൊട്ടേ അറ്റത്തിരിക്കാൻ വലിയ ഇഷ്ടമാണെനിക്ക്... വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ഒരിക്കലും ഉപേക്ഷിക്കാൻ തയാറാകാത്ത ചില ഇഷ്ടങ്ങളിൽ ഒന്നാണു അതു...ടിക്കറ്റ്‌ എടുത്തു പുറത്തേക്കു നോക്കിയിരിക്കുമ്പോൾ എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നതു അവന്റെ മുഖമായിരുന്നു....സ്നേഹത്തിൽ പൊതിഞ്ഞ അവന്റെ ചിരിയാണ് എന്നെ എന്നും ഈ യാത്രക്ക് പ്രേരിപ്പിക്കുന്നത് ...... "

എന്റെ കണ്ണിലും മനസിലും ഒരുപോലെ കണ്ണീർ തുളുമ്പി............ഏതോ യുഗത്തിൽ നടന്നു എന്ന് ഞാൻ വിശ്വസിക്കുനതും മനസിന്റെ ഏതോ കോണിൽ ഒരികല്ലും പൊടിതട്ടി എടുക്കാൻ ഇഷ്ട്ടപെടാത്തതുമായ ചില കാര്യങ്ങൾ എന്തിനോ ഞാൻ ഓർത്തു..........


കണ്ണനും ഞാനും ഒരുമിച്ചാ  പഠിച്ചത് ....

ഞാന്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞു പോളിയില്‍ പോയപ്പോൾ നമ്മള്‍   രണ്ടു  വഴിക്കായി.........

എന്നാലും ട്ടുഷന്‍ ക്ലാസ്സ്‌ നമ്മളെ കൂട്ടി മുട്ടിച്ചു .....അവനെ എനിക്ക് ഒത്തിരി ഇഷ്ട്ടമായിരുന്നു.....

വര്‍ഷങ്ങള്‍ കടന്നു പോയിട്ടും....പലരും എന്റെ ജീവിതത്തില്‍ എത്തി നോക്കാന്‍ വന്നിട്ടും, എന്റെ കളി കൂട്ടുകാരനെ എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല.....

അതൊരു ജീവിതം പങ്ക് വക്കാനുള്ള ഇഷട്ടമാണോ എന്ന് എനിക്ക് അറിയില്ല ........

എന്നും ഞാന്‍ അവന്റെ സന്തോഷത്തിനാ കാവല്‍ നിന്നിരുന്നത് ...അവന്റെ ഉയര്‍ച്ചയിലായിരുന്നു ഞാൻ വിജയം കണ്ടെത്തിയിരുന്നതു ......



വർഷങ്ങൾ ഒരുപാടു കടന്നു പോയിട്ടും  എന്റെ ഡയറിക്കുറുപ്പിൽ നിന്നും അവനു  കിട്ടിയ ചില  വാക്യങ്ങൾ നമ്മുടെ ബന്ധത്തെ ശിഥിലമാക്കി ....

എത്ര പറഞ്ഞിട്ടും അവനു ഒന്നും മനസിലായില്ല........മനസിലാകാൻ ശ്രമിച്ചതും   ഇല്ല ...

പലതും എനിക്ക് വിധിയ്ക്കാതെ പോയതിന്റെ കൂട്ടത്തിൽ ഞാൻ അതും കൂടി കൂട്ടി വച്ചു .....


നേവിയില്‍ ജോലി കിട്ടി പോക്കുംമ്പോ എന്റെ   ഇറനന്നിഞ്ഞ കണ്ണുകൽ അവന്‍ കണ്ടിരുന്നില്ല..

ഒരു നോര്‍ത്തിന്ത്യ കാരിയെ വീട്ടുകാരുടെ സമ്മതമില്ലാതെ വീട്ടിലേക്കു കൂട്ടി വരുമ്പോഴും അവന്‍ എന്നെ അറിഞ്ഞിരുന്നില്ല ....

അവസാനം ..........രണ്ടു കുട്ടികള്‍ക്കു അമ്മയില്ലാണ്ടായപ്പോ , അവനു എന്നെ ഓര്‍മ്മ വന്നു .......


എനിക്കു എന്നോടു തന്നെ വെറുപ്പ് തോന്നി.....എന്തിനാ വെറുതെ മനുഷ്യരെ സ്നേഹിക്കുന്നതു???സ്വാര്‍ത്ഥ താല്പര്യം മാത്രം മനസിലുള്ള ഇവര്‍ എങ്ങനെ മനുഷ്യരായി?????

ഈ ചോദ്യമാണ് ആ താളുകളിൽ പച്ച മഷി പടർത്താൻ കാരണമായത് എന്നോർത്തപ്പോ ഒരു   ഗദ്ഗദം എന്റെയുള്ളിൽ നിറഞ്ഞു പൊന്തി.........


ഓരോരുത്തരുടെ മനസിലേക്കിറങ്ങി സഞ്ചരിക്കാൻ കഴിഞ്ഞെങ്കിൽ എന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ... എനിക്കു ആരെയും മനസു പഠിക്കാൻ കഴിഞ്ഞിട്ടില്ലാന്നുതോന്നുന്നു.....

നൊമ്പരങ്ങൾ എന്നെ വരിഞ്ഞുമുരുക്കുംപോഴും  ഒരു നീണ്ട നെടുവീർപ്പു എന്റെ കണ്മിഴികളെ താഴിട്ടു പൂട്ടി........