Tuesday, February 10, 2015

വീണ്ടും ജനിക്കുമോ ???

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കയാണ് ............




അച്ഛാ......... അമ്മ എന്താ ഇങ്ങനെ നടക്കണേ??
അതെ..മോള്‍ക്ക്‌ ഒരു കുഞ്ഞു അനിയന്‍ വരും ..
എന്നാ ??
കുറച്ചു ദിവസം കഴിയുമ്പോ ...
അനിയന്‍ അമ്മേടെ വയറ്റിലാണോ ...
അതെ മോളെ ..
അമ്മേ......... വേദനിക്കുനുണ്ടോ ??
ഇല്ല... മോള്‍ പ്രാര്‍ത്ഥിക്കണോട്ടോ ....

വീട്ടിനടുത്തു പോലും കൂടെ കളിയ്ക്കാന്‍ ആരും ഇല്ലാത്ത എന്‍റെ മനസ്സില്‍ അച്ഛന്‍റെ ആ വാക്കുകള്‍ വല്ലാത്ത മോഹങ്ങള്‍ തന്നു ...
അന്ന് മുതല്‍ ഞാന്‍ പലതും എന്‍റെ കുഞ്ഞു അനുജന് വേണ്ടി കരുതാന്‍ തുടങ്ങി ..
സ്കൂളില്‍  പോയാല്‍ ,,എല്ലാ കൂട്ടുകാരും സ്വയം മറന്നു കളിക്കുമ്പോള്‍ പോലും
അവനെ ആരേലും കൊണ്ട് പോയാലോന്ന പേടിയാല്‍ എന്‍റെ മനസ് അസ്വസ്ത്മായിരിക്കും.....

അതിനു ശേഷം ഞാന്‍ അമ്മയുടെ അടുത്തെ കിടക്കു ..ആദ്യം അവനെ എനിക്ക് കാണണം ..ആദ്യം കണ്ടാ അവന്‍ എന്നെ മറക്കേ  ഇല്ല,,,, എന്നും എന്നോട് കൂടുതല്‍ സ്നേഹം ഉണ്ടാകും,,,,എന്നു ഞാന്‍ വിശ്വസിച്ചു ..
പക്ഷെ ഞാന്‍ ഉറങ്ങുമ്പോള്‍ അടുത്ത് കിടക്കുന്നവരെ  ചവിട്ടുകയോക്കെ ചെയ്യുന്നത്  കൊണ്ട്  എന്‍റെ മോഹം നടക്കാതെ വന്നു ...
പലപ്പോഴും വാശി പിടിച്ച എന്നെ അച്ഛന്‍ തല്ലി...
അതില്‍ പിന്നെ അച്ഛന്‍ എന്‍റെ ശത്രു ആയി ...
അടുത്ത റൂമില്‍ കിടന്നാലും ,  അമ്മയുടെ വയറ്റില്‍ ഇരുന്നു കണ്ണ് പകുതി അടച്ചു കല്ലിനെ പോലും അലിയിക്കുന്ന ആ നിഷ്കളങ്കമായ അവന്റെ ചിരി സ്വപ്നം കണ്ടു ഉറങ്ങാന്‍ തുടങ്ങി  ..
 എന്‍റെ എല്ലാ ദിവസങ്ങളും,,,ശ്വാസവും,,,,ഹൃദയത്തിന്‍  മിടിപ്പും,,,അവനു വേണ്ടി മാത്രമായിരുന്നു .... അനുജന്‍റെ വരവ് വൈകുന്നത് കൊണ്ടാവാം ..എന്തിനെന്നില്ലാത്ത എന്‍റെ പിടി വാശി വീട്ടിലുള്ളവരെയും ടീച്ചര്‍ മാരെയും അലോസരപ്പെടുത്തി  ...  അങ്ങനെ ദിവസങ്ങള്‍ ഞാന്‍ യുഗങ്ങളായി തള്ളി നീക്കി കൊണ്ടിരുന്നു ...

ഒരു ദിവസം ഞാന്‍ സ്കൂളില്‍ നിന്നും വരുകയായിരുന്നു ..
ഒരു കാറില്‍ അമ്മ അച്ഛന്‍റെ തോളില്‍ തല ചാച്ച് കിടക്കുന്നു ...
അമ്മയുടെ മുക്കിന്റെ തുമ്പില്‍ നിന്നും മുത്ത്‌ പോലെ ഒരു വിയര്‍പ്പുതുള്ളി വീഴുന്നതെ ഞാന്‍ കണ്ടുള്ളൂ ...  പൊടി പാറി കൊണ്ട്  ആ കാര്‍ എന്നെയും കടന്നു പാഞ്ഞു പോയി ...  കാര്‍ എന്‍റെ കണ്മുന്നില്‍ നിന്നും മറയും വരെ  ഒന്നും മനസിലാകാതെ   നിന്ന എന്നെ
അപ്പുറത്തെ വീട്ടിലെ ആന്റി കൂട്ടി കൊണ്ട് പോയി ..
നാവ് കൂട്ടി കെട്ടിയ പോലെ നിന്ന എന്നോട് ആന്റി പറഞ്ഞു അവര്‍ നാളെ  കുഞ്ഞു വാവയെ കൊണ്ട് വരും ...
ഇതു കേട്ടപ്പോള്‍ എന്നില്‍ നിന്നും വിടര്‍ന്ന നനുത്ത ആ പുഞ്ചിരിയില്‍  കണ്ണുനീരിന്‍ ഉപ്പുരസം ഉണ്ടായിരുന്നു.........
  
അന്ന് ഞാന്‍ ഉറകത്തില്‍ ഞെട്ടി ഉണര്‍ന്നു നിലവിച്ചു ...അനിയനെ കാണാന്‍ ഇല്ല..അച്ഛനും അമ്മയും കരയുന്നു ....

വീയര്‍പ്പില്‍  കുളിച്ച് , നാവ് അഗാദ ഗര്‍ത്തത്തിലേക്ക് ആണ്ടു ,  വരണ്ട തൊണ്ടയുമായി  ഇരിക്കുന്ന എന്നെ ,  ആന്റി  സ്വപ്നലോകത്ത് നിന്നും തിരികെ കൊണ്ട് വന്നു ...
പിറ്റേ ദിവസം ഞാന്‍ സ്കൂളില്‍ പോയില്ല.......
ഒരിക്കലും  കണ്ടിട്ടില്ലാത്ത  അവന്‍  , എന്‍റെ കൂടെ കളിക്കുനതും , കൊച്ചരി പല്ല് കാട്ടി ചിരിക്കുന്നതും , ആ നനവാര്‍ന്ന മെയ്യില്‍  ഞാന്‍ തലോടുന്നതും , പിഞ്ചു കൈകളില്‍ മുത്തം കൊടുക്കുന്നതും  , ആകാശത്തിലെ  മഴവില്ല് പോല്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു .........
പകല്‍  അന്തിയോളം  ഞാന്‍ കാത്തിരിന്നു.....അവര്‍ വന്നില്ല...

ആന്റിയുടെ സാന്ത്വനപ്പെടുതലുകള്‍ എനിക്ക് ആശ്വാസം പകര്‍ന്നു  തന്നിരുന്നില്ല ...... എന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ കിനിഞ്ഞു തുടങ്ങി ...
ആന്റി പാല്‍ തന്ന പാത്രം ഞാന്‍ തറയിലിട്ടു,,,അടിച്ചു കരയുന്നതിനേക്കാള്‍  ഒച്ച എന്‍റെ ഹൃദയമിടിപ്പിനുണ്ടായിരുന്നു.......കരഞ്ഞു തളര്‍ന്നു ആ പടി വാതില്‍ക്കല്‍ കിടന്നു ഞാന്‍ ഉറങ്ങി ..സൂര്യന്‍ പടിഞ്ഞാറു നിന്നു മറഞ്ഞതും അതെ കാര്‍ മുറ്റത്തു വന്നു നിന്നു..
എന്‍റെ കണ്ണ് നീരെല്ലാം ആവിയായി ...ഞാന്‍ ഓടി കാറിനടുത്തേക്ക് ചെന്നു...
പഴയ പോലെ അമ്മ കരയുകയാണ് .... ചെങ്കട്ട പോലെ ചുവന്നിരിക്കുന്ന  അമ്മയുടെ മുഖത്തേക്ക്   നോക്കിയപ്പോള്‍ ഉദിച്ചുയരുന്ന ആദിത്യ ഭഗവാനെ നേര്‍ക്കുനേരെ കണ്ടപോല്‍  എന്‍റെ കണ്ണുകള്‍ ചിമ്മി  ... 

അമ്മയുടെ ആ വലിയ വയര്‍ കാണാനില്ല .. അനിയനെ ഞാന്‍ അവിടെ എല്ലാം തിരഞ്ഞിട്ടും  കണ്ടില്ല....ഉള്ളില്‍ ആളുന്ന തീയുമായി എന്‍റെ ' അനുജനോ ' ....എന്ന് ചോദിച്ച എന്നോട് അച്ഛന്‍ പറഞ്ഞു,
അവന്‍ ഇപ്പം വരുന്നില്ല പിന്നെ വരാമെന്ന് പറഞ്ഞുന്നു...അപ്പോള്‍ അമ്മയുടെ  തേങ്ങല്‍  എന്‍റെ  പിഞ്ചു ഹൃദയത്തെ കീറി  മുറിക്കുന്നതായിരുന്നു.. ...

എന്തിനാ അവന്‍ വരണില്ല എന്ന്   പറഞ്ഞത് ????

ഞാന്‍ അവനു വേണ്ടി കാത്തു വച്ച വളപ്പൊട്ടുകളും , നന്നായി പഴുത്തു ചുവന്ന നെല്ലികയും , പെന്‍സില്‍ തുണ്ടുകളും , എടുത്തു അമ്മയുടെ മടിയിലെക്കിട്ടു  ഇപ്പോ കാണണം എന്ന് വാശി പിടിച്ച എന്നെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു അമ്മ പൊട്ടി കരഞ്ഞു ........ 

കരഞ്ഞു തളര്‍ന്നു മയക്കത്തിലേക്കു അടര്‍ന്നു വീണ ഞാന്‍ എണീക്കുംപോള്‍ , അച്ഛന്റെ കയ്യില്‍ ഒരു വെള്ള തുണിക്കെട്ട്...

 അച്ഛാ   എന്താ ഇതു.....എന്‍റെ അനുജനാണോ?? അവന്‍ വന്നോ??
 കണ്ണുനീര്‍ തുള്ളികള്‍ ആദ്യമായി അച്ഛന്‍റെ കവിള്‍ തടത്തെ നനക്കുന്നത് ഞാന്‍ കണ്ടു ...

മിണ്ടല്ലേ...മിണ്ടിയാല്‍ പാപം കിട്ടും.....ഇടറുന്ന സ്വരത്തില്‍ അച്ഛന്‍ എന്നോട് പറഞ്ഞപോള്‍  , ഞാന്‍ മിണ്ടിയില്ല.....

നീറുന്ന ഹൃദയവുമായി , എന്‍റെ പൊന്നനുജനെ എന്നെന്നേക്കുമായി  ഉറക്കി കിടത്താന്‍  പൂഴി മണ്ണില്‍ അച്ഛന്‍ ആഞ്ഞു വെട്ടുമ്പോള്‍ .... 

അടക്കാനാകാത്ത  നൊമ്പരത്തില്‍ മുങ്ങി ...സത്യമറിയതെ.....ശൂന്യതയിലേക്ക്  കണ്ണും നട്ടു..... ഞാന്‍ ചിന്തിച്ചു  കൊണ്ടിരുന്നു....

" അവന്‍ എന്താ വരാത്തെ  ?? "



No comments:

Post a Comment