Thursday, May 12, 2016

അനുഭവം

ഞാൻ ടെക്നിക്കൽ സ്കൂളിൽ പഠിക്കുന്ന കാലം.... അതായതു എട്ടാം ക്ലാസ്സിൽ... അവിടെ വർക്സ്ഷോപ്പ് 4 എണ്ണം ഉണ്ടു... കാര്‍പെന്ററി, ഷീറ്റ്മെറ്റല്‍ ,ഫിറ്റിങ്ങ് ,ഇലക്ട്രിക്കല്‍.... കുട്ടികളെ സമമായി വിഭജിച്ചു ഓരോ ബ്രാഞ്ചിലേക്കും വിടും.... ഈ ബ്രാഞ്ചുകളിൽ റൊട്ടേഷന്‍ ആണ് ഓരോ മാസവും...

ഞാൻ ആദ്യമായി പോയതു  ഷീറ്റ്മെറ്റല്‍ ബ്രാഞ്ചിൽ ആയിരുന്നു.. നമ്മൾ 12 കുട്ടികൾ... 11 ആണ്‍ കുട്ടികൾ ഞാൻ ഒരു പെണ്‍കുട്ടി.... അവിടെ നല്ല ഒരു ടീച്ചർ ഉണ്ടായിരുന്നു...

ഒരു പെണ്‍കുട്ടി മാത്രം ആയതു കൊണ്ടാവണം ടീച്ചറിനു എന്നെ വലിയ ഇഷ്ട്ടമായിരുന്നു...  വർക്ക്‌ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടായതു കൊണ്ടു എന്നെ ഒത്തിരി ഹെല്പും ചെയ്യുമായിരുന്നു... അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ കൂടെ ഉള്ള ഒരു കുട്ടി വർക്ക്‌ ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നു പറഞ്ഞു ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി പോയിതു.... എല്ലാരും പറഞ്ഞു ഈ ടീച്ചർ വഴക്കു പറഞ്ഞിട്ടു പോയതാണെന്നു.. (ടീച്ചർ ആണ്‍ കുട്ടികളെ വഴക്കു പറയുമായിരുന്നു...)

നമ്മൾ അടുത്ത മാസം ഇലക്ട്രിക്കല്‍ ബ്രാഞ്ചിൽ പോയി... അവിടെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സാർ ചോദിച്ചു ആ കുട്ടി പോയതു എന്താ എന്നു... പതിവു പോലെ ടീച്ചർ വഴക്കു പറഞ്ഞിട്ടാന്നു എല്ലാരും പറഞ്ഞു.. ഞാനും.....

ഈ കാര്യം പറഞ്ഞു ഒരു പക്ഷെ എല്ലാരും ടീച്ചറിനെ കളിയാക്കി കാണും..ടീച്ചറിനു വേദനിച്ചും കാണും..

എന്തായാലും അടുത്ത പ്രാവശ്യം നമ്മൾ ഷീറ്റ്മെറ്റല്‍ ബ്രാഞ്ചിൽ പോകുമ്പോൾ ടീച്ചറിന്റെ മുഖം ഇതു വരെ കാണാതിരുന്ന ഒന്നായിരുന്നു...

എല്ലാവരും പേടിച്ചു നില്കയാണ്..... ടീച്ചർ എന്നെ മാത്രം അടുത്തേക്കു വിളിച്ചു ടീച്ചർ കാരണമാണു ആ കുട്ടി പോയതെന്നു ആരാ പറഞ്ഞതെന്നു ചോദിച്ചു... മറുപടി പറയാൻ എന്റെ വരണ്ട ചുണ്ടുകൾ തുടങ്ങുമ്പോഴേക്കും ഞാനാണു അതു പറഞ്ഞതെന്നു കുറച്ചു പേർ വിളിച്ചു കൂകിയിരുന്നു.. എനിക്കു എന്തു പറയണമെന്നു അറിയില്ലായിരുന്നു... ഒന്നും കേൾക്കാൻ ടീച്ചർ തയാറായില്ല എന്നതാണു സത്യം...


അതിനു ശേഷം ടീച്ചർ എന്നോടു മിണ്ടിയിട്ടില്ല.. അറ്റനന്‍സിനു എന്റെ പേരു പോലും വിളിച്ചിട്ടില്ല...
ഒരിക്കലും എനിക്കു ടീച്ചറിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയില്ലായിരുന്നു...ചടുലമായ വാക്ക് ചാതുര്യം എനിക്കു ഇല്ലായിരുന്നു..... ഒന്നു ഉണ്ടായിരുന്നു എന്തും സഹികാനുള്ള ഒരു മനസ്സ്....

ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല.... മൂന്ന് വർഷം അവിടെ പഠിച്ചിട്ടും ഒരിക്കലും എന്റെ സത്യസന്ധത തെളിയിക്കാൻ ഞാൻ ശ്രമിച്ചിട്ടും ഇല്ല....


ഒരു പക്ഷെ എല്ലാവരും ഇതു മറന്നിട്ടുണ്ടാവും... എന്റെ കുഞ്ഞു മനസിലെ വേദനയുടെ ആഴവും  അതിന്റെ തീവ്രതയും  ആവണം പതിനാലു വർഷം പിന്നിട്ടിട്ടും ഈ കാര്യം മറവിയുടെ കുത്തൊഴുക്കിൽ പ്പെടാതെ മനസിന്റെ ഒരു കോണിൽ ഇന്നും നിലനില്ക്കുന്നത്....ഞാൻ സൂക്ഷിക്കുന്നതു...

എന്താണു "കണ്ണുകടി" എന്നു ആദ്യമായി ഞാൻ മനസിലാക്കി....

കൂട്ടു ചതിക്കും എന്നു പലരും പറയുന്നതിലെ സത്യവും ഞാൻ മനസിലാക്കി....

എന്നാലും ഇന്നും ഞാൻ എന്റെ കൂട്ടുകാരെ ആത്മാർഥമായി സ്നേഹിക്കുന്നു... ഒരു മടിയും കൂടാതെ നല്ലവരെ തേടി അലയുന്നു....





Sunday, April 3, 2016

വിട ...........


വിട പറയുകയാണ് ഞാൻ നിന്നോടു..... പതിനെട്ടാം വയസ്സു മുതൽ വളർത്തി ഇന്നു ഇത്രത്തോളം വലുതാക്കിയ നിന്നെ വിട്ടു ഞാൻ മറയുകയാണ് ...ആഗ്രഹങ്ങൾ പലതും ബാക്കി നിൽക്കെ സാഹചര്യങ്ങൾ എന്നെ നിർബദ്ധിതയാക്കുകയാണ്... ഒരു മാസമായി ഒരു പിൻവിളിക്കായ് ഞാൻ കാതോർക്കുന്നു ...എല്ലാം വിഫലമായ മോഹങ്ങൾ...എന്റെ ഉള്ളം പിടയുകയാണ്... എന്തോ ഒന്നു എന്നെ പിറകോട്ടു വലിക്കും പോലെ... എന്നിട്ടും ഞാൻ തുഴഞ്ഞു അകലുകയാണ്...

സുതാര്യങ്ങളായ മനുഷ്യ മനസുകളെ ഞാനിവിടെക്കണ്ടു.... ഞാൻ  അറിയാതെ പോയ , കള്ളവും കാപട്യവും..., നന്മയും തിന്മയും... എന്നെ ഒരു പാടു സ്വാധീനിച്ച മഹാന്മാർ.... ഒരിക്കലും കാണരുതെന്നു ആഗ്രഹിക്കുന്ന ചില മുഖങ്ങൾ... ഒരിക്കലും അറ്റു പോകാൻ ആഗ്രഹിക്കാത്ത സുഹൃത്ത് ബന്ധങ്ങൾ....

ഇതൊക്കെ ആണെങ്കിലും അതാര്യങ്ങളായ ചില ജീവനില്ലാത്ത വസ്തുക്കളിൽ എന്റെ മനസ്സ് കോർത്തിരിക്കയാണ്....
എന്റെ സന്തോഷവും തേങ്ങലും ഒരു പോലെ ഏറ്റുവാങ്ങി മൗനമായി നിന്ന ചുവരുകൾ , എനിക്കു നന്മകൾ മാത്രം പറഞ്ഞു തന്ന എന്റെ കമ്പ്യൂട്ടർ , എന്നെ ഒരു ഭാരമായി കാണാതെ വർഷങ്ങളായി എന്നെ വഹിക്കുന്ന എന്റെ കസേര.... രണ്ടു നേരവും എന്നെ തലോടൂ എന്നു വിളിച്ചോതുന്ന സ്മാർട്ട്‌ ആക്സസ് , മൂന്നു നേരവും ഭക്ഷണം വിളമ്പുന്ന കാന്റീൻ ......... ഇതെല്ലം എനിക്ക് നാളെ അന്യമാകും എന്ന സത്യം എന്റെ ഉറക്കം കെടുത്തുന്നു....

ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഒരു പ്രധാന വെല്ലുവിളിയായിരിക്കും ഇതു... ആരും ഈ കാര്യത്തിൽ എന്നെ ഉപദേശിച്ചിട്ടില്ല.... അഭിപ്രായം പറഞ്ഞിട്ടുമില്ല... എന്റെ മനസ്സു എന്തു പറയുന്നുവോ അതാണു ഞാൻ പ്രവർത്തിക്കുന്നതു.. .

എന്റെ ഈ തീരുമാനം ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത ഒരു നഷ്ടമാണോ എനിക്കു സമ്മാനിക്കുന്നതു എന്ന ഭയം എന്റെ നെഞ്ചിൽ ആഞ്ഞടിക്കകയാണ്..... എന്നാലും ഈ ലോകത്തെ നയിക്കുന്ന ഒരു ശക്തിയിൽ അഭയം പ്രാപിച്ചു ഞാൻ മുന്നോട്ടു നീങ്ങുകയാണ്....

ഒരിക്കലും നിന്നെ പിരിയണ മെന്നു ഞാൻ മോഹിചിട്ടില്ല... അതുകൊണ്ടു തന്നെ ഈ വിട വാങ്ങലിന്റെ നൊമ്പരം വാക്കുകൾക്കതീതമാണ്......

ഫെബ്രുവരി 27 നു ഞാൻ ഈ പടി ഇറങ്ങുമ്പോൾ എനിക്കു ഒന്നേ നിന്നോടു പറയാനുള്ളൂ...എന്നെ വെറുക്കരുതു... എത്രയും നാൾ എനിക്കു തന്ന മനക്കരുത്ത് ഒരിക്കലും നീ എന്നിൽ നിന്നും അടർത്തി എടുക്കരുത്....

ഇറക്കി വിടും മുന്നേ ഇറങ്ങിക്കൊടുക്കുന്നതല്ലേ നല്ലതു....ഞാനായിട്ടു പോയില്ലെങ്കിൽ ഒരിക്കലും ഈ പടി ചവിട്ടാൻ എന്റെ മനസ്സു എന്നെ അനുവദിക്കുകയില്ല...

അവസാനമായി എന്റെ സിഡാക്കേ നിന്നോടു വിട..... ഇനിയങ്ങോട്ടുള്ള എന്റെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾക്കുമേൽ എന്റെ കണ്ണീരൊപ്പാൻ എട്ടര വർഷത്തെ   നമ്മുടെ സൗഹൃദം ഞാൻ കൊണ്ടു പോകുന്നു....എനിക്കു അതു മതി......



Thursday, January 14, 2016

എന്‍റെ സ്വന്തം കല്ലുവിനായ്‌...

നിനക്ക് ഒരിക്കലും എന്നിലേക്കടുക്കുവാന്‍ കഴിയില്ല എന്ന സത്യം ഞാന്‍ മനസിലാകുന്നു ..
എത്ര പരിശ്രമിച്ചാലും ഒരു ചരട് നിന്നെ പുറകോട്ടു വലിക്കും ..
എന്‍റെ  പാപത്തിന്‍റെ  ചരടായിരിക്കാമത്....

നോക്കത്താ  ദൂരത്തു എത്തിയാലും നീ എന്നെ കാണും...
കാരണം ...അറിഞ്ഞോ അറിയാതെയോ നീയാണ് എന്‍റെ മനസ്...

നിനക്ക് ഞാന്‍ ഒരു സ്ഥാനം തന്നിട്ടില്ലാരുന്നു ..
പക്ഷെ...
എല്ലാ സ്ഥാനത്തും നീയാണ് എന്നതായിരുന്നു സത്യം ..

സ്നേഹത്തിന്‍റെ  ആഴവും പരപ്പും കണക് കൂട്ടി തന്നത് നീയാണ് ..
അതേ നീ തന്നെ പറയുന്നു,,, എല്ലാം തോന്നലാണെന്നു...
ഏതാണ്‌ ശരി ??

ഒന്നും എനിക്ക് പിടിച്ചു വാങ്ങാന്‍ കഴിയില്ലലോ ..
പ്രതേകിച്ചു നിന്നെ ..
എല്ലാം ഞാന്‍ എന്‍റെ ആശകളായി കരുതി കുഴിച്ചു മൂടുന്നു ..
നിന്നിലെ സ്നേഹത്തിന്‍റെ ഉറവ വറ്റിയപ്പോഴാണോ,,, ഞാന്‍ നിന്നെ തേടി വന്നത് ??
അറിയില്ലെനിക്ക്...

എന്‍റെ കണ്ണുനീരുകള്‍ എന്നില്ലാത്താകുന്നുവോ....അന്നേ എനിക്കു നിന്നെ അകറ്റാനാകു...

നീ ആഗ്രഹിക്കുന്ന സ്നേഹവും ജീവിതവും കിട്ടട്ടെ എന്ന്  ആഗ്രഹിച്ചു കൊണ്ട്....എന്‍റെ കണ്ണുനീരുറവകള്‍ വറ്റല്ലേ  എന്ന പ്രാര്‍ത്ഥനയോടെ...
നീ തന്ന അമൂല്യമായ സ്നേഹം വാരി പുണര്‍ന്നു.....നിന്നിലലിയുന്നു... നിന്‍റെ... നിന്‍റെ മാത്രം സ്വന്തം........................

നിന്നെ കുറിച്ചൊരോര്‍മ്മ

നിനക്കു പോകാം നിന്‍ കൂടണയാം
നിവൃത്തിയില്ലെനിക്കരുതെന്നോതുവാന്‍..
നീറു‌ന്നൊരീ മനസ്സില്‍ നിന്‍ ഓര്‍മ്മകള്‍
ഓളങ്ങള്‍ പോല്‍ തള്ളിടുമ്പോള്‍..
വേദനതന്‍ താഴ്വാരത്തില്‍
ഞാനേകയായ്‌ കണ്ണീര്‍ പൊഴിക്കവേ...
നിനച്ചിരിക്കാത്തൊരു നിമിഷത്തില്‍
നനുത്ത നിന്‍ കരങ്ങളെന്നെ പുണര്‍ന്നു...
നിന്‍ ഹൃദയ വാതില്‍ തുറന്നു ഞാന്‍
വന്നപ്പോള്‍ അരുതന്നെന്തേ ഒതിയില്ല..
കരങ്ങള്‍ രണ്ടും കൂട്ടി നീ പൊതിയുമ്പോള്‍
എന്‍ കവിളുകള്‍ നനഞു കുതിര്‍ന്നിരുന്നു...
നിറങ്ങള്‍ മങ്ങിയ നിലാവെളിച്ചത്തില്‍,
നിന്നോടൊപ്പം ഇരുന്ന നേരം..
ആശ്വാസ വചനങ്ങള്‍ ഓതി നീ അതെന്‍
അത്മാവിലേക്കു പകര്‍ന്നുതന്നു...
ബന്ധങ്ങള്‍ എന്നെ കീഴ്പെടുത്തുമ്പോളും
തവ ബന്ധനങ്ങള്‍ ഞാന്‍ മറന്നിരുന്നില്ല ...
എന്‍ കണ്ണുനീര്‍ വീഴാതൊരു മനവും
ഇന്നെന്നില്‍ നിന്നകന്നിട്ടില്ല...
പതിവു പോല്‍ കാലം നിന്നെയും തന്നു ..
ഹൃദയത്തില്‍ ചേര്‍ത്തു ഞാന്‍ സൂക്ഷിച്ചു...
തട്ടി പറിച്ചാല്‍ ഞാന്‍ വിങ്ങുകില്ല ..
വിധിയെ തടുക്കുവാനാവില്ലെനിക്ക്..
മറുവാക്കു ചൊല്ലിടാനാകാതെ ഞാന്‍
നിറകണ്ണുകളോടെ നിന്നെ യാത്രയാക്കാം...