Wednesday, July 10, 2019

ഒരു ഉത്തമ ഔഷധം ...

ഓഫിസിലെ രാവിലെ മുതൽ വൈകിട്ടു വരെ ഉള്ള ഉൽകൃഷ്ട  സംഭാവനകൾക്കൊടുവിൽ   പെട്ടെന്നു ഒരു തോന്നൽ നൂഡിൽസ് കഴിച്ചാലോ ?? അല്ലെ ബർഗർ കഴിക്കാം ...അല്ലെ കട്ടൻ ചായേം പരിപ്പുവടേം കഴിക്കാം ......

 പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയുടെ ഭാവി പഠനം പോലെ എന്റെ മനസ്സിൽ  നൂറായിരം ഓപ്ഷൻസ് അങ്ങനെ  കടന്നു വന്നു ....അതെല്ലാം ഞാൻ എന്റെ സന്തത സഹചാരിയോട് പറഞ്ഞു ... അവനു എന്റെ അസുഖം പിടി കിട്ടി ...


വണ്ടി ബാക്ക് ഗേറ്റ് വഴി തിരിച്ചു വിടാനുള്ള എന്റെ നീക്കത്തിൽ നിന്നു  'ലെ അറബിയയിലെ' നൂഡിൽസ് ആണ് ലക്ഷ്യം എന്ന് അവൻ ഉറപ്പിച്ചു ..

ഈ ലെ അറേബ്യ അത്യാവശ്യം വലിയ ഒരു കടയാണ് ... നൂഡിൽസ് മാത്രം വാങ്ങുന്നതു മോശമല്ലെ എന്ന് കരുതി  ...  അപ്പവും ഗ്രിൽഡ് ചിക്കനും കൂടി പറഞ്ഞു ...വെറും നൂഡിൽസ് അല്ല എഗ്ഗ് നൂഡിൽസ് ...

 ഇവിടെ വൈകിട്ടു ഫുഡ് കഴിക്കാൻ വന്നാൽ ഫ്രീ ആയി സൂപ്പ് തരുന്ന പതിവ് ഉണ്ടു ... വെയിറ്റർമാർ   തെക്കു വടക്കു നടക്കുമ്പോ നമ്മൾ കിഴക്കു  നോക്കി ഇരിപ്പാണ്  ... സൂപ്പിന്റെ  വരവും കാത്തു ...

അവരുടെ അലക്ഷ്യമായ നടത്തത്തിൽ നിന്നു ഞങ്ങൾക്കു മനസ്സിലായി സൂപ്പ് തരുന്ന മട്ടില്ല ...

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോ ഫുഡ് വന്നു ...കൂടെ ഒരു  കുബൂസും ചിക്കൻറെ ഗ്രേവിയും   ഉണ്ടായിരുന്നു ..


സൂപ്പ് ഇല്ലാത്ത പരിഭവം പുറത്തു കാട്ടാതെ  കഴിച്ചു തുടങ്ങി ... പ്ലേറ്റുകൾ  കാലിയാകാൻ  തുടങ്ങവേ ......അവർ ഒരു ബൗളിൽ ചെറിയ ചൂട് വെള്ളത്തിൽ ഒരു നാരങ്ങയെ നാലായി മുറിച്ചു ഒരു കഷണം ഇട്ടു രണ്ടു പേർക്കും കൊണ്ടു തന്നു ...

ഇതെന്താ സംഭവം മുൻപ്  കണ്ടിട്ടില്ലാലോ എന്നു പറഞ്ഞു നാക്ക് അകത്തേക്കു വക്കാൻ മിനക്കെടാതെ ഞാൻ തുടർന്നു .... ചൂടു വെള്ളത്തിൽ നാരങ്ങാ ഇട്ടു കുടിച്ചാൽ  ദഹനം ഉറക്കം ബ്ലഡ് സർകുലേഷൻ  എന്നു വേണ്ട മുടി വളർച്ചക്കും മുഖകുരുവിനും വരെയുള്ള ഉത്തമ ഔഷധം ആണെന്നു ഞാൻ പറഞ്ഞു നിർത്തി ...

ഇതൊക്കെ കേട്ടു ആ വെള്ളത്തിൽ തന്നെ ദയനീയമായി നോക്കി ഇരിക്കയായിരുന്നു അവൻ ... ഞാൻ എന്റെ മഹത്തരമായ അറിവ് പങ്ക്‌ വച്ച ചാരിതാർഥ്യത്തിലും ...

സൂപ്പ്   പരിഭവം തീർന്ന മട്ടിൽ ഞാൻ ആസ്വദിച്ചു ഓരോ സിപ്പ് ആയി കുടിക്കാൻ തുടങ്ങി ....

രുചിച്ചു നോക്കിയപ്പോ യാതൊരു വിധ വികാരവും ഇല്ല എന്നു മനസിലാക്കിയ  അവൻ  കുറച്ചു പെപ്പറും സോസ്സും കൂടി മിക്സ് ചെയ്തു വച്ചു ..

എനിക്കു ഫുഡ് കഴിച്ചപ്പോ പതിവിലേറെ സംതൃപ്തി തോന്നി .... നാരങ്ങാ വെള്ളത്തിന്റെ അവസാനത്തെ സിപ്പ് എടുത്തതും സൂപ്പർ വൈസർ വന്നു  എന്നോടു രഹസ്യമായി പറഞ്ഞു ..


മാഡം ഇതു ഫിംഗർ ബോൾ ആണ് ... അതെ ഞാൻ കൈ കൊണ്ടു എടുത്താണല്ലോ കിടിക്കുന്നതു ...

അതല്ല മാഡം ഹാൻഡ് വാഷ് !!!!!


ചിരിക്കണോ കരയണോ......  അതോ   തുപ്പണോ ??? 
വായിലെ വെള്ളം തൊണ്ട തൊടാതെ ഇറക്കിട്ടു ഞാൻ നോക്കുമ്പോ അവന്റെ മുഖത്തു നവ രസങ്ങൾ ഓടി കളിക്കുന്നുണ്ടാരുന്നു ...

തൊലിക്കു നല്ല കാട്ടിയായതു കൊണ്ടു ഞാൻ സുസ്മിത വദനയായി   ബിൽ കൊടുത്തു ഇറങ്ങുമ്പോ  വളർന്ന തലമുടി ചീകി ഒതുക്കുകയായിരുന്നു അവൻ ...

No comments:

Post a Comment