Thursday, February 12, 2015

ഇന്‍ഡസ്ട്രിയല്‍ വിസിറ്റും പുതിയ ജീന്‍സും

ഞാന്‍ പോളി ടെക്നിക്കില്‍ പഠിക്കുന്ന കാലം ..
പത്താം ക്ലാസ്സ്‌ കഴിഞ്ഞ് ,പ്ലസ്‌ ടുനു പോകാതെ നേരിട്ട് പോളി ടെക്നിക്ക് കോളേജില്‍ വന്നതിന്‍റെ ഒരു പേടിയും...സന്തോഷവും... ഞാന്‍ ആരോ ആയി എന്ന ചെറു ഭാവവും  ഉണ്ട് മനസ്സില്‍ ....

ജൂനിയേര്‍സ്‌ ആയിരുന്നിട്ടും സീനിയേര്‍സ്‌ കാണ്കെ ചിരിച്ചും കാണാതെ ചീത്ത വിളിച്ചും ...
മുതുമുത്തച്ഛന്‍ മാരുടെ ക്ലാസുകള്‍ കട്ട്‌ ചെയ്തും ,
റേഷന്‍ കട തുറക്കുന്ന (പഞ്ചാര അടിക്കുന്ന) ചേട്ടന്മാരുടെ കസ്റ്റമര്‍ ആയും ജീവിച്ചു പോന്നു ..

അപ്പോഴാണ് നമുക്കൊരു ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് ഉണ്ട് എന്നും ,
എല്ലാവരും പാന്റും ഷര്‍ട്ടും ഇടണമെന്നും ,
ബസ്‌ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും, സര്‍ പറഞ്ഞു .
പകുതി പേര്‍ക്ക്‌ രാവിലെ 9 മുതല്‍ 12 വരെ ...ബാക്കി പകുതി 1 മുതല്‍ 4 വരെ ..

ഹോ.. ജീന്‍സ് ഇട്ട ഒരു പൂമ്പാറ്റ എന്‍റെ മനസ്സില്‍ ഓടി കളിച്ചു.....

കിട്ടിയ അവസരം പഴകരുത് ഞാന്‍ മനസ്സില്‍ പറഞ്ഞു ..

ജീന്‍സും ഷര്‍ട്ടും കോളേജില്‍ ഇടാന്‍ സമ്മതിക്കില്ല ..

ആണ്‍കുട്ടികള്‍ ജീന്‍സിടുന്നലോ പിന്നെ നമ്മള്‍
ഇട്ടാല്‍ എന്താ എന്ന് ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത് ഞാന്‍ ഇവിടെ പറയുന്നില്ല ......

എന്തായാലും ഇന്ന് ഒരു ദിവസമേ ഉള്ളു , ജീന്‍സ് വാങ്ങണം ..നാളെ കിടിലനായി വരാനുള്ളതല്ലേ ....

അങ്ങനെ നമ്മള്‍ നാലു പേര്‍ (മീനു , നീതു , ആശ പിന്നെ ഞാന്‍.. )
ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ്‌ കട്ട്‌ ചെയ്തു ..
ഒറ്റത്തടിയായ തെങ്ങിന്‍റെ മണ്ട വളഞ്ഞ പോലെ നില്‍ക്കുന്ന സെക്ക്യൂരിറ്റി ചേട്ടന് ഒരു  5 (*****) സ്റ്റാര്‍ വാങ്ങി കൊടുത്തു ജീന്‍സ് വാങ്ങാന്‍ ഇറങ്ങി ..
കടകള്‍ എല്ലാം തെണ്ടി , ഒന്നും ഇഷ്ട്ടമാകാതെ ബിഗ്‌ ബസാര്‍ എത്തി ..

ദേ ഓടുന്ന പടികള്‍ ...
പടികള്‍ മാത്രം ഓടി നീങ്ങുന്നു .....
ഈ പടികള്‍ എങ്ങോട്ടാ പോകുന്നത് ??
ചിലര്‍ അതില്‍ കയറി നില്കുന്നുണ്ട് ...

കേറണോ വേണ്ടയോ എന്നു സംശയിച്ചു നില്‍ക്കുന്ന ഞങ്ങളെ കണ്ടു നിന്ന ഒരു കാലമാടന്‍ സെക്ക്യൂരിറ്റി ഓടുന്ന പടികളില്‍ കേറാന്‍ നിര്‍ബന്ധിച്ചു...

കൈയും കാലും വിറയ്ക്കാന്‍ തുടങ്ങി ..
സര്‍ നമുക്ക്‌ അത്രേം സ്പീഡ് ഇല്ല....
ഇവിടെ ഇങ്ങനെയേ കയറാന്‍ പറ്റൊളൂ....
എങ്കില്‍ വേണ്ട സര്‍ .....

ചുവരില്‍ അസിന്‍ ഇട്ടിരിക്കുന്ന ജീന്‍സ് എന്നെ മാടി വിളിക്കുനുണ്ടാരുന്നു...

എന്തായാലും ഈശ്വരന്‍ കടാക്ഷിച്ചു.....
വേറെ ഓടാത്ത പടി ഉണ്ട് ..
ഓടാത്ത പടിയിലൂടെ നമ്മള്‍ അതിവേഗം ഓടി കയറി ,ജീന്‍സുകള്‍ പലതും മാറി മാറി ഇട്ട് നോക്കി ..
എല്ലാം അരിച്ചു പറക്കി ഒടുവില്‍ ഒരു ജീന്‍സും ഷര്‍ട്ടും എടുത്തു..

ഹോസ്റ്റല്‍ എത്തി...... വാര്‍ഡന്‍ , വാച്ചര്‍ എന്നു വേണ്ട കണ്ട പട്ടിം പൂച്ചേം ഉള്‍പെടെ  എല്ലാരേം ഇട്ട് കാണിച്ചു .. ബാക്കി ഉള്ള കുട്ടികളുടെ ജീന്‍സിന്‌ ഇടാന്‍ പറ്റുന്ന ടോപുകള്‍ എല്ലാം ഇട്ട് നോക്കി ഒരു ഫാഷന്‍ ഷോ തന്നെ നടത്തി .....

ജീന്‍സ് ഇട്ട് ഇന്‍ ഡസ്ട്രി വിസിറ്റ് ചെയുന്നതും , ....
ദേ ആ കൊച്ചിനെ നോക്ക്‌ ഇന്ന് മറ്റു കുട്ടികള്‍ പറയുന്നതും... സ്വപ്നം കണ്ടു കിടന്നുറങ്ങി .

രാവിലെ 5 മണിക്ക് എന്നിറ്റു കുളിച്ചു ....
കഴിച്ചിട്ടോന്നും ഇറങ്ങുന്നില്ല ....എന്റെ മനസ്സില്‍ , എന്തിനേറെ കഴിക്കുന്ന പാത്രത്തില്‍ പോലും ജീന്‍സ് ......
റൂമില്‍ വന്നു ജീന്‍സ് ഇട്ട് ഒരുങ്ങി ഇറങ്ങാന്‍ തുടങ്ങിയതും മഴ ....
ഹോ നാശം ....പെയ്യാന്‍ കണ്ട സമയം ..
എല്ലാം നനയുമല്ലോ ..ഷൂ എട്ടോണ്ടേ പോകാവൂ ..അതും നനയും ..
എന്തായാലും ഞാന്‍ അവരോ‌ടു പറഞ്ഞു ഞാന്‍ ഇറങ്ങുവാ ..
ഇനി ഇതു ഇട്ട് ഇവിടെ നില്‍കാന്‍ എനിക്ക് വയ്യ ..
മഴ ആയാലും നാലു പേര്‍ കാണട്ടെ...
നിങ്ങള്‍ അങ്ങ് വന്നാ മതി ....

നല്ല മഴ ..ഓട്ടോ കൈ കാണിച്ചു .. ഓട്ടോ വന്നപ്പോഴാ ഓര്‍ത്തത്‌ പത്ത് പൈസ പോലും എടുക്കാനില്ല ...

നല്ല കാര്യത്തിന് ഒരു നല്ല ജീന്‍സ് ഒക്കെയിട്ട് ഇറങ്ങിയിട്ട് തിരിച്ചു കേറുന്നത് ശരി അല്ലല്ലോ ....
ഒട്ടും ശരി അല്ല ....
അടുത്ത് നിന്ന ചേച്ചിയോട്പത്ത് രൂപ കടം ചോദിച്ചു ....
പണ്ട് റാഗ് ചെയ്തപ്പോ ' പോടീ മരങ്ങോടി ' എന്ന് വിളിച്ചത് ചേച്ചി മറന്നു കാണും ..
അതല്ലേ എനിക്ക് പത്ത് രൂപ തന്നത് ..
ഞാന്‍ ഓട്ടോയില്‍ കയറി ..

എവിടെ പോകണം ?

പോളി ടെക്നിക്ക് വരെ പോകണം ... ഇന്നു ഇന്‍ ഡസ്ട്രിയല്‍ വിസിറ്റ് ഉണ്ട്....ജീന്‍സ് ഇന്നലെ വാങ്ങിയേ ഉള്ളു .. നനയും അതാ ഓട്ടോ പിടിച്ചത് ....

എന്‍റെ മറുപടി കേട്ടു പേടിചിട്ടാണെന്നു തോന്നണ് ഓട്ടോ ചേട്ടന്‍ വണ്ടി 60 മൈല്‍ സ്പീഡില്‍ വിട്ടു...എങ്ങനേലും ഈ മാരണത്തെ ഒഴിവാക്കണമെന്നോര്‍ത്തു കാണും....പാവം...ജീവനില്‍ കൊതിയുണ്ടാകും...പേടിപ്പികണ്ടിരുന്നില്ല.....

പോളി എത്തി ..

ആണ്‍കുട്ടികള്‍ ഒക്കെ എല്ലാ ദിവസത്തെയും പോലെ യൂണിഫോറം ..
ഇവര്‍ക്കെന്താ വേറെ ഡ്രസ്സ്‌ ഇല്ലെ ??
ആദ്യ ബാച്ച് പോയി ..ബാക്കി ഉള്ളവര്‍ ലാബിലാന്നു ..

ഞാന്‍ നോക്കുമ്പോഴെല്ലാം സി ആര്‍ ഒ യും പവ്വര്‍ സപ്പ്ലയും ഒക്കെ ജീന്‍സ് ഇട്ടിരിക്കുന്നു...എന്നെ സ്വീകരിക്കാനായിരിക്കും....
വാച്ചിലെ സ്പീടില്ലാത്ത സൂചിയെ പഴിച്ചു നമ്മള്‍ സമയം തള്ളി നീക്കി ....

പോയവര്‍ എല്ലാം തിരിച്ചു വന്നു.... നമ്മള്‍ റെഡി ആയി നില്‍ക്കയാണ്‌ ...
പെട്ടെന്ന് ആ സാറിന്‍റെ ഉണ്ട കണ്ണിനകത്ത് ഞാന്‍ കേറി ....

കുട്ടി... ഈ കളര്‍ ഷര്‍ട്ട് ഇടാന്‍ ആരു പറഞ്ഞു ?

യൂണിഫോമിന്‍റെ കളര്‍ ഷര്‍ട്ടും പാന്റും ഇട്ടേ പറ്റു..

യൂണിഫോമിന്റെ കളര്‍ ക്രീം ഷര്‍ട്ടും ബ്ലാക്ക്‌ പാന്റും ആണ്
ഇശ്വര ഞാന്‍ ഇട്ടിരിക്കുനതോ പച്ച ഷര്‍ട്ടും ബ്ലാക്ക്‌ പാന്റും....

സര്‍ അത് ..
പറ്റില്ല എന്ന് പറഞ്ഞില്ലേ ....

ഇനി എന്താ ചെയ്യാ ...

അപ്പോഴാണ് ആശ പറഞ്ഞത്... അവള്‍ ബെല്‍ട്ട്‌ വാങ്ങിയ ബാലുനോട് ചോദിക്ക്യാം..

എന്ത് ???ഷര്‍ട്ടോ ??

ജീന്‍സ് ഇട്ടുള്ള ഇന്‍ ഡസ്ട്രിയല്‍ വിസിറ്റ് ഓര്‍ത്തപ്പോ ഞാനും തീരുമാനിച്ചു ചോദിക്ക്യാം..

നമ്മള്‍ നാല് പേരും കൂടി ക്ലാസ്സില്‍ ചെന്നു ..

അതിനിടെ മീനു... രാഹുല്‍ ബെല്‍റ്റ്‌ ഉണ്ടോ ?

അയ്യോ ഇല്ല.....

ദേ അജിടെ ഉണ്ട് .....

അജിക്ക് ഇല്ല എന്ന് പറയാന്‍ സമയം കൊടുക്കാതെ , രാഹുല്‍ ബെല്‍റ്റ്‌ വലിച്ചു ഊരി , പാഞ്ചാലിയുടെ വസ്ത്രാക്ഷേപം പോലെ, എന്തോ പുണ്യം ചെയ്ത മനസോടെ മീനുനു കൊടുത്തു ..


ആശ ഒരു പാന്റും , ഒരു ബ്ലൂ ജീന്‍സും , ഷര്‍ട്ടും ഒരു ചീപ്പും എടുത്തു കവറിലാകി നില്‍ക്കയാണ്‌ ....അങ്ങ് ചെന്നു വേണം റെഡി ആകാന്‍ ..ആഗ്രഹം ഉണ്ടെങ്കിലും അവള്‍ക്ക് നാണം . .

ഞാന്‍ രാഹുലിനോട് .... അതെ രാഹുല്‍ എനിക്ക് ഒരു കാര്യം വേണം ..
എന്താ വേണ്ടേ പറ ??

നിന്റെ ഷര്‍ട്ട് ......

അയ്യേ ...അത് എങ്ങനെ ??..പറ്റില്ല ..

എന്നെ ഒന്ന് സഹായിക്കെടാ.. അല്ലെ എനിക്ക് പോകാന്‍ പറ്റില്ല ..

അയ്യോ ഞാന്‍ ബനിയന്‍ പോലും ഇട്ടിട്ടില്ല ..

' ഭാഗ്യം ഇട്ടിട്ടുണ്ടായിരുന്നേല്‍ അവള്‍ അതും ചോദിച്ചേനേ ' ...എന്ന് പറഞ്ഞ രവിയുടെ ഷര്‍ട്ടിലായി എന്‍റെ കണ്ണ് ..

അതെ രവി ബനിയന്‍ ഇട്ടിട്ടുണ്ട്..

അവനിലേക്കായി എന്‍റെ അമ്പുകള്‍ ..

അയ്യോ എന്ന് വിളിച്ചു അവന്‍ ഓടാന്‍ തുടങ്ങവേ ...

വേറെ ആരും എന്‍റെ ഇര ആകാതിരിക്കാന്‍ ആകണം .. എല്ലാരും കൂടി അവനെ വളഞ്ഞു പിടിച്ചു ഷര്‍ട്ട് വലിച്ചൂരി എനിക്ക് തന്നു ....

ഇതു ശരിക്കും ഒരു പാഞ്ചാലി വസ്ത്രാക്ഷേപം തന്നെ...

വേറെ ഒന്നും നോക്കിയില ...ഓടി , .. ഡ്രെസ്സിംഗ് റൂമിലേക്ക്‌ .....

ഒരു മാസം ആയിട്ടു വെള്ളം കാണിക്കാത്ത ഷര്‍ട്ട്... ശെരിക്കും ക്രീം കളര്‍ തന്നെ....

ഇതൊന്നു ചാണകത്തില്‍ മുക്കിയിട്ടു ഇടാരുന്നു....ആ മണം ഇതിനേക്കാള്‍ നല്ലതായിരുന്നു ....

എന്തായാലും ആവശ്യക്കാരി ഞാന്‍ ആയി പോയില്ലേ ??
പണ്ടേ എനിക്ക് ഔചിത്യം ഇല്ല ...

ഹോ ജീന്‍സ് ബ്ലാക്ക്‌ എടുത്തത്‌ നന്നായി അല്ലെ...പാവം രവി .....

നമ്മള്‍ നാലു പേരും കോളേജിന്റെ മുന്നിലേക്ക് ഓടി ... ആരെയും കാണുന്നില്ല ....
എല്ലാരും ബസ്‌ സ്റ്റോപ്പില്‍ എത്തി കാണും ...
കോളേജില്‍ നിന്നും ബസ്‌ സ്റ്റോപ്പിലേക്ക് ഒരു കിലോമീറ്റര്‍ ..ആ വഴിയിലൂടെ ബസ്‌ പോകില്ല ...

നമ്മള്‍ ഒരു ഓട്ടോയില്‍ കയറി ..
ഓട്ടോ സ്റ്റാര്‍ട്ട്‌ ആകുന്നില്ല ....

എന്ത് പറ്റി ചേട്ടാ...??

പുതിയ ഓട്ടൊയാ മക്കളെ....

പണി തീരും മുന്‍പേ എടുത്തോണ്ട് വന്നോ ചേട്ടാ...

എന്ന് ചോദിച്ചു അതില്‍ നിന്നും ഇറങ്ങി.. ..

നാശം പിടിക്കാന്‍ ഓട്ടോ ഒന്നും വരുന്നില്ല ..

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നാ പോലെ ആദ്യം കയറിയ ഓട്ടോ സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ അതില്‍ കയറി ....

അതിനിടെ ആശ ഈ ഓട്ടോയില്‍ ഇരുന്നു ഷൂ ഇടാം എന്ന് പറഞ്ഞു ഷൂ കുത്തി കയറ്റുകയാ....

സ്റ്റോപ്പില്‍ എത്തിയതും ...... ദേ ബസ്‌ പോകുന്നു ..
ചാടി ഇറങ്ങി ....അയ്യോ ഇനി എന്ത് ചെയ്യും ??
എന്ത് ചെയ്യാനാ ??....... ഹോസ്റ്റല്‍ ഒന്ന് വിസിറ്റ് ചെയാം .


തിരിച്ചു ഹോസ്റ്റലിലേക്ക് നടന്നപ്പോള്‍ രവി ബനിയനും ഇട്ട് , രാഹുലിന്‍റെ പിന്നില്‍ , ബാഗും തൂക്കി കൂനിപ്പിടിച്ചിരിക്കയാണ്‌.. .. ഉള്ളിലൊരു ചിരി വന്നെങ്കിലും പാവം രവി...

ഞങ്ങള്‍ ഒളിച്ചു നിന്നു ....

എന്നെ കണ്ടാല്‍ അവന്‍ ഷര്‍ട്ട് ചോദിച്ചാലോ .....

Tuesday, February 10, 2015

മറക്കാത്ത ഓര്‍മ്മ...

ചന്തു എന്‍റെ കൂട്ടുകാരനായിരുന്നു...ഞാന്‍ കാത്തിരുന്നു കിട്ടിയ കൂട്ടുകാരന്‍...
രണ്ടു വര്‍ഷത്തെ പരിചയം രണ്ടു ജന്മത്തെ അടുപ്പമായി മാറി ...
എന്നും ഒരു കുസൃതി ചിരിയോടെ എന്‍റെ അടുത്ത് വന്നിരുന്ന അവന്‍ എനിക്ക് എല്ലാം ആയിരുന്നു ...
എന്‍റെ കണ്ണ് നനയാന്‍ അവന്‍ അനുവദിച്ചിരുന്നില്ല ...

ഞാന്‍ അറിയാതെ,,,എന്‍റെ മനസ് അറിയാതെ,,,,,ഞാന്‍ അവനിലേക്ക്‌ അടുക്കുകയായിരുന്നു ....അതോ എന്നെ അവന്‍ വലിച്ചടുപ്പിക്കയായിരുന്നോ ????? 
അറിയില്ല ...
എന്‍റെ മനസ്സില്‍ മോഹങ്ങള്‍ നാമ്പിട്ടു തുടങ്ങിയ നിമിഷം,,,എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാന്‍ എന്‍റെ നാവുകള്‍ വെമ്പി ...

പക്ഷെ ....എന്താവും മറുപടി എന്നോര്‍ത്ത് , ഞാന്‍ ആ ഇഷ്ടത്തെ മനസ്സില്‍ വെച്ചു താലോലിച്ചു...

കാത്തിരിന്നു ഞാന്‍.... നിന്നെ എനിക്ക് വേണമെന്നു പറയുന്ന ആ നിമിഷത്തിനു വേണ്ടി ...

എന്തിനു വേണ്ടി എന്നറിയാതെ...പലപ്പോഴും ഞാന്‍ വിങ്ങിപ്പൊട്ടി കരഞ്ഞു ....
അവനില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാന്‍ കഴിയില്ലാരുന്നു ...

അവന്‍റെ സാന്നിധ്യത്തില്‍ എന്‍റെ ഹൃദയവേഗം പോലും കൂടുമായിരുന്നു ...

പലതും ഞാന്‍ പറയാതെ പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് നേര്‍ത്ത പുഞ്ചിരിയും മൌനവും ആയിരുന്നു ...

അത് എന്നിലെ മോഹങ്ങള്‍ക്കു ആക്കം കൂട്ടി ...

പലപ്പോഴും അവന്‍ എന്നില്‍ നിന്നും എന്തോ ഒളിക്കുന്നതായി തോന്നി ....ചോദിച്ചപ്പോഴെല്ലാം പഴയ ആ പുഞ്ചിരിയും മൌനവും....

പ്രതീക്ഷതന്‍ നാമ്പ് പൊട്ടി വളര്‍ന്ന നേരത്തായിരുന്നു അവന്‍ എന്നെ ഐസ്ക്രീം പാര്‍ലറിലേയ്ക്കു വിളിച്ചതു...

ഇതു വരെ പറയാതിരുന്ന ഒരു കാര്യം പറയാന്‍ ആണ് ...ഇനിയും വൈകികൂടാ എന്നവന്‍ കൂട്ടി ചേര്‍ത്തു...

എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ പകച്ചു നിന്നു..

ജന്മ ജന്മാന്തരങ്ങളില്‍ ബാക്കി വച്ച സ്വപ്‌നങ്ങള്‍ ഞാന്‍ ഒരു രാത്രി കൊണ്ട് കണ്ടു തീര്‍ത്തു ...
എന്‍റെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു...
കൂടെ ഒരു നേര്‍ത്ത പേടിയും .....
എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല ..

രാവിലെ പോകാന്‍ ഇറങ്ങിയപ്പോള്‍ കണ്ണാടിയിലെ എന്‍റെ മുഖത്തിനു പതിവിലേറെ സൌന്ദര്യം ഉണ്ടെന്നെനിക്ക് തോന്നി ...

അവന്‍ എന്നെ കാത്തു നില്‍ക്കുന്നു ..
എതിര്‍ വശത്ത് കസേര ഉണ്ടായിട്ടും,,,,വളരെ നാളായി ഞാന്‍ കൊണ്ട് നടന്ന സ്വപ്നം സഫലമാകുന്നു എന്ന സത്യം എനിക്കു ബോധ്യപ്പെടാന്‍ ഞാന്‍ അവന്‍റെ അടുത്ത് ഇരുന്നു ...

ഐസ്ക്രീം കുടിക്കുന്ന വ്യാജേന അക്ഷമയായി ഇരുന്ന എന്‍റെ നേര്‍ക്ക് അവന്‍ ഒരു ലെറ്റര്‍ നീട്ടി ...
ആദ്യമായ്‌ കാണുന്നതു പോലെ ഞാന്‍ അതു വാങ്ങി ...

എന്തായിരിക്കും എഴുതിയിരിക്കുന്നതെന്നറിയാനുള്ള ആഗ്രഹത്തില്‍ അതു തുറക്കവേ...


ചന്തു 

വെഡ്സ്

ചിപ്പി

എന്‍റെ കണ്ണില്‍ ഇരുട്ട് കേറുന്നത് പോലെ തോന്നി...

അതെ അവന്‍റെ കല്യാണ ലെറ്റര്‍ തന്നെ...

ഒന്നു കൂടി സൂക്ഷിച്ചു നോക്കുമ്പോള്‍ വധുവിന്‍റെ സ്ഥാനത്ത് എന്‍റെ പേര് ആയിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ ...

ബൌളിലെ ഐസ്ക്രീം തീ കട്ടകള്‍ ചാലിച്ചതായിരുന്നു ...

കണ്ണുകള്‍ വിടര്‍ത്തി വച്ച്,,,വാതോരാതെ സംസാരിച്ച്‌, എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്‌ ഞാന്‍ കടിഞ്ഞാണിട്ടു....

താലി കെട്ടുമ്പോള്‍ ഞാന്‍ കൂടെ ഉണ്ടാകും എന്ന ഉറപ്പ് കൊടുത്തു അവനെ പറഞ്ഞയക്കുമ്പോള്‍ എന്‍റെ ഹൃദയത്തിനുള്ളിലെ അഗ്നിപര്‍വതം തൊണ്ടയിലെവിടെയോ കുരിങ്ങുകയായിരുന്നു....

ഒരു ചെറു ചിരിയോടെ  അകലുന്ന അവനെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല...

ഒരു നേര്‍ത്ത ജലത്തുള്ളി എന്‍റെ കാഴ്ചയെ മറച്ചിരുന്നു .....

എന്തിന്നായിരുന്നു....ഈ ജന്മം....??????

വീണ്ടും ജനിക്കുമോ ???

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കയാണ് ............




അച്ഛാ......... അമ്മ എന്താ ഇങ്ങനെ നടക്കണേ??
അതെ..മോള്‍ക്ക്‌ ഒരു കുഞ്ഞു അനിയന്‍ വരും ..
എന്നാ ??
കുറച്ചു ദിവസം കഴിയുമ്പോ ...
അനിയന്‍ അമ്മേടെ വയറ്റിലാണോ ...
അതെ മോളെ ..
അമ്മേ......... വേദനിക്കുനുണ്ടോ ??
ഇല്ല... മോള്‍ പ്രാര്‍ത്ഥിക്കണോട്ടോ ....

വീട്ടിനടുത്തു പോലും കൂടെ കളിയ്ക്കാന്‍ ആരും ഇല്ലാത്ത എന്‍റെ മനസ്സില്‍ അച്ഛന്‍റെ ആ വാക്കുകള്‍ വല്ലാത്ത മോഹങ്ങള്‍ തന്നു ...
അന്ന് മുതല്‍ ഞാന്‍ പലതും എന്‍റെ കുഞ്ഞു അനുജന് വേണ്ടി കരുതാന്‍ തുടങ്ങി ..
സ്കൂളില്‍  പോയാല്‍ ,,എല്ലാ കൂട്ടുകാരും സ്വയം മറന്നു കളിക്കുമ്പോള്‍ പോലും
അവനെ ആരേലും കൊണ്ട് പോയാലോന്ന പേടിയാല്‍ എന്‍റെ മനസ് അസ്വസ്ത്മായിരിക്കും.....

അതിനു ശേഷം ഞാന്‍ അമ്മയുടെ അടുത്തെ കിടക്കു ..ആദ്യം അവനെ എനിക്ക് കാണണം ..ആദ്യം കണ്ടാ അവന്‍ എന്നെ മറക്കേ  ഇല്ല,,,, എന്നും എന്നോട് കൂടുതല്‍ സ്നേഹം ഉണ്ടാകും,,,,എന്നു ഞാന്‍ വിശ്വസിച്ചു ..
പക്ഷെ ഞാന്‍ ഉറങ്ങുമ്പോള്‍ അടുത്ത് കിടക്കുന്നവരെ  ചവിട്ടുകയോക്കെ ചെയ്യുന്നത്  കൊണ്ട്  എന്‍റെ മോഹം നടക്കാതെ വന്നു ...
പലപ്പോഴും വാശി പിടിച്ച എന്നെ അച്ഛന്‍ തല്ലി...
അതില്‍ പിന്നെ അച്ഛന്‍ എന്‍റെ ശത്രു ആയി ...
അടുത്ത റൂമില്‍ കിടന്നാലും ,  അമ്മയുടെ വയറ്റില്‍ ഇരുന്നു കണ്ണ് പകുതി അടച്ചു കല്ലിനെ പോലും അലിയിക്കുന്ന ആ നിഷ്കളങ്കമായ അവന്റെ ചിരി സ്വപ്നം കണ്ടു ഉറങ്ങാന്‍ തുടങ്ങി  ..
 എന്‍റെ എല്ലാ ദിവസങ്ങളും,,,ശ്വാസവും,,,,ഹൃദയത്തിന്‍  മിടിപ്പും,,,അവനു വേണ്ടി മാത്രമായിരുന്നു .... അനുജന്‍റെ വരവ് വൈകുന്നത് കൊണ്ടാവാം ..എന്തിനെന്നില്ലാത്ത എന്‍റെ പിടി വാശി വീട്ടിലുള്ളവരെയും ടീച്ചര്‍ മാരെയും അലോസരപ്പെടുത്തി  ...  അങ്ങനെ ദിവസങ്ങള്‍ ഞാന്‍ യുഗങ്ങളായി തള്ളി നീക്കി കൊണ്ടിരുന്നു ...

ഒരു ദിവസം ഞാന്‍ സ്കൂളില്‍ നിന്നും വരുകയായിരുന്നു ..
ഒരു കാറില്‍ അമ്മ അച്ഛന്‍റെ തോളില്‍ തല ചാച്ച് കിടക്കുന്നു ...
അമ്മയുടെ മുക്കിന്റെ തുമ്പില്‍ നിന്നും മുത്ത്‌ പോലെ ഒരു വിയര്‍പ്പുതുള്ളി വീഴുന്നതെ ഞാന്‍ കണ്ടുള്ളൂ ...  പൊടി പാറി കൊണ്ട്  ആ കാര്‍ എന്നെയും കടന്നു പാഞ്ഞു പോയി ...  കാര്‍ എന്‍റെ കണ്മുന്നില്‍ നിന്നും മറയും വരെ  ഒന്നും മനസിലാകാതെ   നിന്ന എന്നെ
അപ്പുറത്തെ വീട്ടിലെ ആന്റി കൂട്ടി കൊണ്ട് പോയി ..
നാവ് കൂട്ടി കെട്ടിയ പോലെ നിന്ന എന്നോട് ആന്റി പറഞ്ഞു അവര്‍ നാളെ  കുഞ്ഞു വാവയെ കൊണ്ട് വരും ...
ഇതു കേട്ടപ്പോള്‍ എന്നില്‍ നിന്നും വിടര്‍ന്ന നനുത്ത ആ പുഞ്ചിരിയില്‍  കണ്ണുനീരിന്‍ ഉപ്പുരസം ഉണ്ടായിരുന്നു.........
  
അന്ന് ഞാന്‍ ഉറകത്തില്‍ ഞെട്ടി ഉണര്‍ന്നു നിലവിച്ചു ...അനിയനെ കാണാന്‍ ഇല്ല..അച്ഛനും അമ്മയും കരയുന്നു ....

വീയര്‍പ്പില്‍  കുളിച്ച് , നാവ് അഗാദ ഗര്‍ത്തത്തിലേക്ക് ആണ്ടു ,  വരണ്ട തൊണ്ടയുമായി  ഇരിക്കുന്ന എന്നെ ,  ആന്റി  സ്വപ്നലോകത്ത് നിന്നും തിരികെ കൊണ്ട് വന്നു ...
പിറ്റേ ദിവസം ഞാന്‍ സ്കൂളില്‍ പോയില്ല.......
ഒരിക്കലും  കണ്ടിട്ടില്ലാത്ത  അവന്‍  , എന്‍റെ കൂടെ കളിക്കുനതും , കൊച്ചരി പല്ല് കാട്ടി ചിരിക്കുന്നതും , ആ നനവാര്‍ന്ന മെയ്യില്‍  ഞാന്‍ തലോടുന്നതും , പിഞ്ചു കൈകളില്‍ മുത്തം കൊടുക്കുന്നതും  , ആകാശത്തിലെ  മഴവില്ല് പോല്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു .........
പകല്‍  അന്തിയോളം  ഞാന്‍ കാത്തിരിന്നു.....അവര്‍ വന്നില്ല...

ആന്റിയുടെ സാന്ത്വനപ്പെടുതലുകള്‍ എനിക്ക് ആശ്വാസം പകര്‍ന്നു  തന്നിരുന്നില്ല ...... എന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ കിനിഞ്ഞു തുടങ്ങി ...
ആന്റി പാല്‍ തന്ന പാത്രം ഞാന്‍ തറയിലിട്ടു,,,അടിച്ചു കരയുന്നതിനേക്കാള്‍  ഒച്ച എന്‍റെ ഹൃദയമിടിപ്പിനുണ്ടായിരുന്നു.......കരഞ്ഞു തളര്‍ന്നു ആ പടി വാതില്‍ക്കല്‍ കിടന്നു ഞാന്‍ ഉറങ്ങി ..സൂര്യന്‍ പടിഞ്ഞാറു നിന്നു മറഞ്ഞതും അതെ കാര്‍ മുറ്റത്തു വന്നു നിന്നു..
എന്‍റെ കണ്ണ് നീരെല്ലാം ആവിയായി ...ഞാന്‍ ഓടി കാറിനടുത്തേക്ക് ചെന്നു...
പഴയ പോലെ അമ്മ കരയുകയാണ് .... ചെങ്കട്ട പോലെ ചുവന്നിരിക്കുന്ന  അമ്മയുടെ മുഖത്തേക്ക്   നോക്കിയപ്പോള്‍ ഉദിച്ചുയരുന്ന ആദിത്യ ഭഗവാനെ നേര്‍ക്കുനേരെ കണ്ടപോല്‍  എന്‍റെ കണ്ണുകള്‍ ചിമ്മി  ... 

അമ്മയുടെ ആ വലിയ വയര്‍ കാണാനില്ല .. അനിയനെ ഞാന്‍ അവിടെ എല്ലാം തിരഞ്ഞിട്ടും  കണ്ടില്ല....ഉള്ളില്‍ ആളുന്ന തീയുമായി എന്‍റെ ' അനുജനോ ' ....എന്ന് ചോദിച്ച എന്നോട് അച്ഛന്‍ പറഞ്ഞു,
അവന്‍ ഇപ്പം വരുന്നില്ല പിന്നെ വരാമെന്ന് പറഞ്ഞുന്നു...അപ്പോള്‍ അമ്മയുടെ  തേങ്ങല്‍  എന്‍റെ  പിഞ്ചു ഹൃദയത്തെ കീറി  മുറിക്കുന്നതായിരുന്നു.. ...

എന്തിനാ അവന്‍ വരണില്ല എന്ന്   പറഞ്ഞത് ????

ഞാന്‍ അവനു വേണ്ടി കാത്തു വച്ച വളപ്പൊട്ടുകളും , നന്നായി പഴുത്തു ചുവന്ന നെല്ലികയും , പെന്‍സില്‍ തുണ്ടുകളും , എടുത്തു അമ്മയുടെ മടിയിലെക്കിട്ടു  ഇപ്പോ കാണണം എന്ന് വാശി പിടിച്ച എന്നെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു അമ്മ പൊട്ടി കരഞ്ഞു ........ 

കരഞ്ഞു തളര്‍ന്നു മയക്കത്തിലേക്കു അടര്‍ന്നു വീണ ഞാന്‍ എണീക്കുംപോള്‍ , അച്ഛന്റെ കയ്യില്‍ ഒരു വെള്ള തുണിക്കെട്ട്...

 അച്ഛാ   എന്താ ഇതു.....എന്‍റെ അനുജനാണോ?? അവന്‍ വന്നോ??
 കണ്ണുനീര്‍ തുള്ളികള്‍ ആദ്യമായി അച്ഛന്‍റെ കവിള്‍ തടത്തെ നനക്കുന്നത് ഞാന്‍ കണ്ടു ...

മിണ്ടല്ലേ...മിണ്ടിയാല്‍ പാപം കിട്ടും.....ഇടറുന്ന സ്വരത്തില്‍ അച്ഛന്‍ എന്നോട് പറഞ്ഞപോള്‍  , ഞാന്‍ മിണ്ടിയില്ല.....

നീറുന്ന ഹൃദയവുമായി , എന്‍റെ പൊന്നനുജനെ എന്നെന്നേക്കുമായി  ഉറക്കി കിടത്താന്‍  പൂഴി മണ്ണില്‍ അച്ഛന്‍ ആഞ്ഞു വെട്ടുമ്പോള്‍ .... 

അടക്കാനാകാത്ത  നൊമ്പരത്തില്‍ മുങ്ങി ...സത്യമറിയതെ.....ശൂന്യതയിലേക്ക്  കണ്ണും നട്ടു..... ഞാന്‍ ചിന്തിച്ചു  കൊണ്ടിരുന്നു....

" അവന്‍ എന്താ വരാത്തെ  ?? "