Saturday, May 30, 2020

ഒരു കല്യാണാലോചന ............

എൻ്റെ കൂട്ടുകാരിക്ക് ഒരു കല്യാണാലോചന വന്നു ... കാണുന്നതിനും മുന്നേ ഇപ്പോഴത്തെ നാട്ടുനടപ്പ് അനുസരിച്ചു ഫോണിൽ സംസാരിക്കട്ടെ എന്നും പറഞ്ഞു ഫോൺ നമ്പർ കൈമാറി ... അങ്ങനെ പിറ്റേ ദിവസം പുള്ളി  അവളെ ഫോൺ ചെയ്തു ...   സ്വത്തു വിവരങ്ങളും, വീട്ടുകാരുടെ വിദ്യാഭാസവും,വീടിന്റെ എണ്ണവും,ഒരു ഭാര്യ എങ്ങനെ ആയിരിക്കണം എന്നതും പുള്ളിയുടെ ശാന്തമായ സ്വഭാവത്തെപ്പറ്റിയും  ക്ലാസ്സ്  എടുത്തു .. വീട്ടിൽ വന്നു പെണ്ണ് കാണും മുന്നേ പുറത്തു എവിടെ എങ്കിലും വച്ചു കണ്ടു മനസ്സ് വലിച്ചു തുറക്കാം എന്നാലേ അടുപ്പം ഉണ്ടാകൂ എന്നു പുള്ളി പറഞ്ഞു .. നാളെ ടൈം പറയണം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു .. റേഡിയോയിൽ ഇപ്പോ കേട്ട പത്തു മിനിട്ടു പ്രോഗ്രാം ഏതാ എന്നു ആലോചിക്കും പോലെ അവൾ അങ്ങനെ ഇരിക്കയാണ് ...

പിറ്റേ ദിവസം കുറച്ചു രാത്രി ആയ ശേഷം പുള്ളി വീണ്ടും വിളിച്ചു .. നാളെ എപ്പോഴാ കാണുന്നെ എന്നു ചോദിച്ചു ...  എനിക്ക് താല്പര്യം ഇല്ല, കാണണ്ട എന്ന് അവൾ പറഞ്ഞു... എന്താ കാര്യം എന്നു രണ്ടു മൂന്നു തവണ ചെവി പൊട്ടുന്ന ശാന്തതയിൽ  ചോദിച്ചു ... ഇത്രേം ശാന്തത എനിക്കു പറ്റില്ല ചേട്ടാ എന്ന് പറയുന്നതിനു മുന്നേ  പുള്ളി അങ്ങേയറ്റം ശാന്തനായി ... പിന്നെ ഉള്ള വാക്കുകൾ ഇങ്ങനെയാണ് ....


" നിനക്കു ആരു വരുമെന്നാടി നിൻറെ വിചാരം ,കൊച്ചിന്ന് കൊച്ചിരാജാവ് വരോ .. നീ ഇങ്ങനെ മൂത്തു നരച്ചു നിക്കുമെടി ... നീ  ഇങ്ങനെ ഇരുന്നോടി നിനക്കു ആരേം കിട്ടില്ലാ .. "


കൊച്ചിന്ന് കോയമ്പത്തൂർ രാജാവിനു വരാൻ പറ്റില്ലാലോ എന്നു ഓർത്തു ജീവിതം നായ നാക്കിലല്ലോ എന്ന ചാരിതാർഥ്യത്തിൽ അവൾ ഫോൺ കട്ട് ചെയ്തു ... ആ ശാന്തമായ അന്തരീക്ഷത്തിൽ ഫോൺ കട്ട് ആയ വിവരം പുള്ളി അറിഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കും മുന്നേ ചില പോലീസ്‌കാരന്മാർ വിളിക്കുന്ന നല്ല ശുദ്ധമായ ഫ്രഷ് ആയ തെറി ടെക്സ്റ്റ് മെസ്സേജിലൂടെ ഒഴുകി വന്നു ...


 ഇതു കണ്ടു അവൾക്കു സങ്കടപ്പെടാനേ കഴിഞ്ഞുള്ളു ... പിന്നെ തെറി ഒക്കെ അവൾ അച്ഛനു കൈമാറി കാര്യങ്ങൾ അതിന്റെ വഴിക്കു പോയി...


പക്ഷെ എനിക്കു മനസ്സിൽ ആകാത്ത കാര്യം എല്ലാവരെയും എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നുണ്ടോ?

ഈ മൈൻഡ് എങ്ങനെയാണു ഓരോരുത്തർക്കും  ജനിക്കുന്നത് ??ഒരു പെണ്ണു    "നോ" പറഞ്ഞാൽ സഹിക്കാൻ പറ്റില്ല അപ്പോ അവന്റെ ഉള്ളിലെ മെയിൽ ഷോവനസ്റ്റ് ഉണരും .. ജീവിതത്തിൽ പത്തുമിനിറ്റ് മാത്രം സംസാരിച്ചിട്ടു, പതിനൊന്നാമത്തെ മിനിറ്റിൽ തെറി പറയും ... അവസരം കിട്ടിയാ ആസിഡ് ഒഴിക്കും അല്ലെ തീ വച്ചു കൊല്ലും ..

ഓരോരുത്തരും മനസ്സിൽ ആക്കേണ്ട  ഒരു കാര്യം ഉണ്ടു എന്നു എനിക്കു തോന്നുന്നു .. ആരും ആർക്കും വേണ്ടി ജനിക്കുന്നവരല്ല ... ആരും ആരുടെയും സ്വന്തവും അല്ല ... ഈ ജീവിതത്തിൽ നമുക്കു കിട്ടുന്ന ഇഷ്ടങ്ങളും സ്നേഹങ്ങളും എല്ലാം ഔദാര്യങ്ങൾ ആണ് ... ഒന്നും  അവകാശങ്ങൾ അല്ല... ആണ് പെണ്ണ് എന്നു വേർതിരിക്കാതെ നമുക്ക് എല്ലാവരേം മനുഷ്യരായി കാണാം ...